‘ഞങ്ങള്‍ക്ക് മലയാളികളെ വേണ്ട’; കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ | Anti-malayali comment of Karnataka deputy CM DK Shivakumar | India


Last Updated:

ശിവകുമാർ നടത്തിയത് കേരള വിരുദ്ധ പ്രസ്താവനയാണെന്ന് ബി.ജെ.പി. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ശിവകുമാറിന്റെ പരാമർശം അംഗീകരിച്ചോയെന്ന് ബി.ജെ.പി

ഡി.കെ. ശിവകുമാർ
ഡി.കെ. ശിവകുമാർ

തങ്ങൾക്ക് മലയാളികളെ വേണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. കർണാടകയിലെ ബെംഗളൂരുവിന് സമീപത്തെ യെലഹങ്ക കോഗിലു ലേ ഔട്ടിലെ കുടിയൊഴിപ്പിക്കലിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. പിന്നാലെ ഇത് രാഷ്ട്രീയ വിവാദത്തിന് കാരണമായി.

കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ശിവകുമാറിനോട് ചോദിച്ചു. മുസ്ലീമുകളെ ലക്ഷ്യം വെച്ചുള്ള നടപടിയെ “ന്യൂനപക്ഷ വിരുദ്ധ അക്രമരാഷ്ട്രീയം” എന്ന് പിണറായി വിജയൻ വിശേഷിപ്പിച്ചിരുന്നു. നടപടിയെ “ബുൾഡോസർ രാജി”നോട് താരതമ്യം ചെയ്യുകയും ചെയ്തിരുന്നു.

“ഞങ്ങൾക്ക് മലയാളികളെ വേണ്ട. ഞങ്ങളുടെ മുഖ്യമന്ത്രി ഇവിടെയുണ്ട്. അദ്ദേഹം തന്റെ ജോലി ചെയ്യട്ടെ,” എന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.

ശിവകുമാർ നടത്തിയത് കേരള വിരുദ്ധ പ്രസ്താവനയാണെന്ന് ബി.ജെ.പി. വിശേഷിപ്പിച്ചു. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ശിവകുമാറിന്റെ പരാമർശം അംഗീകരിച്ചോയെന്ന് ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ നടത്തിയ പ്രസ്താവന കേരളത്തെ അപാനിക്കുന്നതാണെന്ന് സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വദ്ര ശിവകുമാറിന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

“ഇടതുപക്ഷവും കോൺഗ്രസും തമ്മിലുള്ള പോരാട്ടം ഇപ്പോൾ അത്രത്തോളം വളർന്നിരിക്കുന്നു. ഡി.കെ. ശിവകുമാർ കേരളവിരുദ്ധവും മലയാളി വിരുദ്ധവുമായ പ്രസ്താവനകൾ പരസ്യമായി നടത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. തങ്ങൾക്ക് മലയാളികളെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. കേരളത്തിലെ കോൺഗ്രസ് ഈ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ? ഇതാണ് കോൺഗ്രസിന്റെ ‘തുക്‌ഡെ-തുക്‌ഡെ’ മാനസികാവസ്ഥ. കർണാടകയിൽ കോൺഗ്രസ് തന്നെ ബുൾഡോസർ ഉപയോഗിക്കുന്നു. എന്നാൽ ഉത്തർപ്രദേശിൽ ബുൾഡോസർ ഉപയോഗിക്കുമ്പോൾ അവർ അതിനെകുറിച്ച് പറഞ്ഞ് കരയുന്നു. യുപിയിൽ അത് മാഫിയകൾക്കെതിരെയാണ് ഉപയോഗിക്കുന്നത്,” പൂനവാല പറഞ്ഞു.

വിദേശികളെ വിശ്വസിക്കുന്ന കോൺഗ്രസിനെ കുറ്റപ്പെടുത്തിയും പൂനവാല പോസ്റ്റ് പങ്കുവെച്ചു. “ഐഎൻസി ഇനി മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ല, ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസ് എന്നാണ് അത് അർത്ഥമാക്കുന്നത്. അതുകൊണ്ടാണ് അവർക്ക് അതിന്റെ സ്ഥാപകദിനത്തിൽ ദേശീയഗാനം പോലും ശരിയായി ആലപിക്കാൻ കഴിയാത്തത്. സൈന്യത്തെ സംശയിക്കുന്ന, ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുന്ന, വന്ദേമാതരത്തെ എതിർക്കുന്ന ഒരു പാർട്ടിയാണിത്. നിങ്ങൾക്ക് ഇന്ത്യയില്ലല്ലാതെ ഇറ്റലിയിലും റോമിലുമാണ് കൂടുതൽ വിശ്വാസമെങ്കിൽ നിങ്ങൾ ഇനിയും അത്തരം തെറ്റുകൾ വരുത്താൻ സാധ്യതയുണ്ട്,” പൂനവാല പറഞ്ഞു.

കോൺഗ്രസ് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് ആരോപിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും ശിവകുമാറിനെ നിശിതമായി വിമർശിച്ച് രംഗത്തെത്തി. കോൺഗ്രസ് പാർട്ടി ഐക്യത്തെയും ഭരണഘടനയെയും കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രം, ജാതി, മതം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് അവർ പ്രയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേ യുക്തി ഉപയോഗിച്ച്, ‘ഇറ്റാലിയൻമാരും പകുതി ഇറ്റാലിയൻമാരും’ കേരളത്തിലും ഇന്ത്യയിലും ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ആളുകൾ പറയണോ എന്നും ചന്ദ്രശേഖർ ചോദിച്ചു.

ഖരമാലിന്യ സംസ്‌കരണത്തിനായി ഉദ്ദേശിച്ചിരുന്ന സർക്കാർ ‘ഗോമാല’ ഭൂമിയിൽ അടുത്തിടെ നടന്ന കയ്യേറ്റങ്ങൾക്കെതിരായാണ് നടപടി സ്വീകരിച്ചതെന്ന് പിന്നീട് കുടിയൊഴിപ്പിക്കൽ നീക്കത്തെ ന്യായീകരിച്ച് ശിവകുമാർ പറഞ്ഞു. ആ ഭൂമി വാസയോഗ്യമല്ലെന്നും പൊളിച്ചുമാറ്റുന്നതിന് മുമ്പ് നോട്ടീസ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.