Last Updated:
ഡിസംബർ എട്ടിന് മുഖ്യമന്ത്രി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായി 3000 രൂപയുടെ പൊങ്കൽ സമ്മാനം പ്രഖ്യാപിച്ചു. വിളവെടുപ്പുത്സവമായ പൊങ്കൽ ജനങ്ങൾ ആവേശപൂർവ്വം ആഘോഷിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ഈ പ്രത്യേക ധനസഹായം നൽകുന്നത്. സംസ്ഥാനത്തെ 2.22 കോടി റേഷൻ കാർഡ് ഉടമകൾക്കും ശ്രീലങ്കൻ തമിഴ് പുനരധിവാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. നേരത്തെ പ്രഖ്യാപിച്ച സ്പെഷ്യൽ പാക്കേജിന് പുറമെയാണ് ഓരോ കുടുംബത്തിനും 3000 രൂപ വീതം ലഭ്യമാക്കുന്നത്.
പണത്തിന് പുറമെ ഒരു കിലോ അരി, ഒരു കിലോ പഞ്ചസാര, ഒരു മുഴുവൻ കരിമ്പ് എന്നിവയടങ്ങിയ പൊങ്കൽ കിറ്റും സർക്കാർ സൗജന്യമായി നൽകും. കൂടാതെ സർക്കാർ നൽകുന്ന സൗജന്യ ദോത്തിയും സാരിയും ന്യായവില കടകൾ വഴി വിതരണം ചെയ്യും. ഇതിനായുള്ള സ്റ്റോക്കുകൾ ഇതിനോടകം തന്നെ എല്ലാ ജില്ലകളിലേക്കും അയച്ചു കഴിഞ്ഞു. ഈ വിപുലമായ പദ്ധതിക്കായി തമിഴ്നാട് സർക്കാർ മൊത്തം 6936.17 കോടി രൂപയാണ് ചെലവിടുന്നത്.
ഡിസംബർ എട്ടിന് മുഖ്യമന്ത്രി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജനുവരി 14-ന് പൊങ്കൽ ആഘോഷിക്കുന്നതിന് മുൻപായി എല്ലാ ഗുണഭോക്താക്കൾക്കും വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യം.
Chennai,Tamil Nadu

Comments are closed.