Last Updated:
ബെംഗളൂരുവിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 30നകം നടത്തണമെന്ന് സുപ്രീം കോടതി അടുത്തിടെ കർണാടക സർക്കാരിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയോടും ആവശ്യപ്പെട്ടിരുന്നു
ബെംഗളൂരു മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കുമെന്ന് കർണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ വർഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ശുപാർശ ചെയ്തിരുന്നു.
“ഈ തീരുമാനത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകം. ഈ വിഷയത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാ പങ്കാളികളുമായി ആലോചിച്ച് ഒരു നിലപാട് സ്വീകരിച്ചു കഴിഞ്ഞു. ഞങ്ങൾ ഒരു തീരുമാനമെടുത്തിട്ടുണ്ട്,” സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ജി.എസ്. സംഗ്രേഷി പറഞ്ഞു.
2015ൽ നടന്ന ബ്രഹുത് ബെംഗളൂരു മഹാനഗരപാലിക (ബിബിഎംപി) തിരഞ്ഞെടുപ്പ് ഇവിഎം വഴിയാണ് നടത്തിയത്.
ബിജെപിക്ക് നേട്ടമുണ്ടാക്കാൻ ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ ബാലറ്റു പേപ്പർ തിരികെ കൊണ്ടുവരാൻ സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ ഇവിഎമ്മിനെതിരായ ആരോപണങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ തള്ളിക്കളഞ്ഞിരുന്നു.
ബെംഗളൂരുവിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 30നകം നടത്തണമെന്ന് സുപ്രീം കോടതി അടുത്തിടെ കർണാടക സർക്കാരിനോടും സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയോടും ആവശ്യപ്പെട്ടിരുന്നു.
2015ൽ നടന്ന ബിബിഎംപി തിരഞ്ഞെടുപ്പിൽ ഭരണത്തിൽ വന്ന സമിതിയുടെ കാലാവധി 2020 സെപ്റ്റംബർ 10ന് അവസാനിച്ചിരുന്നു. അതിന് ശേഷം സർക്കാർ നിയമിച്ച ഒരു അഡ്മിനിസ്‌ട്രേറ്ററാണ് അതിന്റെ ദൈനംദിന കാര്യങ്ങൾ നോക്കി നടത്തുന്നത്.
ഫെബ്രുവരി 20നകം സംസ്ഥാന സർക്കാർ വാർഡ് തിരിച്ചുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഇതിനായി സമയം നീട്ടി നൽകാനാകില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഷെഡ്യൂൾ നിശ്ചയിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ കെ മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയിരുന്നു.
വോട്ടർ പട്ടിക അന്തിമമാക്കിയ ശേഷം ബിബിഎംപി തിരഞ്ഞെടുപ്പ് വേഗത്തിൽ നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് 2020 ഡിസംബറിൽ കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് കർണാടക സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ബിബിഎംപിയിലേക്കും ഗ്രേറ്റർ ബെംഗളൂരു ഏരിയ(ജിബിഎ)ക്കുള്ളിൽ പുതുതായി സൃഷ്ടിച്ച മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച മുൻ ഉത്തരവുകൾ സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ്.
Thiruvananthapuram,Kerala

Comments are closed.