മഹാപഞ്ചായത്തിലെ അവഗണന; കോൺഗ്രസ് ഹൈക്കമാൻഡ് യോഗത്തിൽ നിന്ന് ശശി തരൂർ വിട്ടുനിൽക്കുമെന്ന് സൂചന Shashi Tharoor Set To Skip Congress High Command Meet After the Neglect at Kochi mahapanchayat event | ഇന്ത്യ വാർത്ത


Last Updated:

ജനുവരി 19-ന് കൊച്ചിയിൽ നടന്ന കെ.പി.സി.സി ‘മഹാപഞ്ചായത്ത്’ പരിപാടിയിലെ സംഭവവികാസങ്ങളിൽ തരൂർ അതൃപ്തനാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

News18
News18

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുചേർത്ത യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ പങ്കെടുക്കില്ലെന്ന് സൂചന. സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളോടുള്ള അതൃപ്തിയെത്തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ജനുവരി 19-ന് കൊച്ചിയിൽ നടന്ന കെ.പി.സി.സി ‘മഹാപഞ്ചായത്ത്’ പരിപാടിയിലെ സംഭവവികാസങ്ങളിൽ തരൂർ അതൃപ്തനാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ വേദിയിലെ ഇരിപ്പിട ക്രമീകരണം പാർട്ടി പ്രോട്ടോക്കോൾ പാലിച്ചല്ല നടന്നതെന്നാണ് ആരോപണം. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായിരുന്നിട്ടും തരൂരിന് വേദിയിൽ ഏറ്റവും അറ്റത്താണ് ഇരിപ്പിടം നൽകിയിരുന്നത്. പരിപാടിയിൽ രാഹുൽ ഗാന്ധി മാത്രമേ കൂടുതൽ നേരം സംസാരിക്കു എന്നും മറ്റ് നേതാക്കൾ വേഗത്തിൽ പ്രസംഗം അവസാനിപ്പിക്കണമെന്നും നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് തരൂർ തന്റെ പ്രസംഗം ചുരുക്കിയെങ്കിലും, പിന്നീട് മറ്റ് പല നേതാക്കളും ദീർഘനേരം സംസാരിച്ചത് അദ്ദേഹത്തിന്റെ അതൃപ്തി വർധിപ്പിച്ചു. പ്രസംഗത്തിൽ രാഹുൽ ഗാന്ധി പല നേതാക്കളുടെയും പേരുകൾ എടുത്തു പറഞ്ഞിട്ടും ശശി തരൂരിനെ പരാമർശിക്കാതിരുന്നതും അദ്ദേഹത്തെ വിഷമിപ്പിച്ചതായാണ് വിവരം

അതേസമയം, അച്ചടക്കലംഘനവും പാർട്ടി കാര്യങ്ങൾ പരസ്യമായി പറയുന്നതും വെച്ചുപൊറുപ്പിക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് കർശന നിർദ്ദേശം നൽകിയത്. രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, ഭൂപേഷ് ബാഗൽ, അംബിക സോണി തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ പാർട്ടിക്കുള്ളിലെ വേദികളിൽ മാത്രമേ ഉന്നയിക്കാവൂ എന്നും മാധ്യമങ്ങളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കൾക്ക് നിർദ്ദേശം നൽകിയതായി കെ.സി.വേണുഗോപാൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Comments are closed.