Last Updated:
നിലവിൽ ടോക്യോയിലെ റെങ്കോജി ക്ഷേത്രത്തിലാണ് സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം സൂക്ഷിച്ചിട്ടുള്ളത്
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ (Netaji Subhas Chandra Bose) ചിതാഭസ്മം ജപ്പാനിൽ (Japan) നിന്നും ഇന്ത്യയിൽ എത്തിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ മകൾ അനിത ബോസ് ഫാഫ്. നിലവിൽ ടോക്യോയിലെ റെങ്കോജി ക്ഷേത്രത്തിലാണ് സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം സൂക്ഷിച്ചിട്ടുള്ളത്. ഇത് തിരികെ ഇന്ത്യയിൽ എത്തിക്കണമെന്ന് നേരത്തെയും കുടുംബം ആവശ്യപ്പെട്ടിരുന്നു.
നേതാജിയുടെ 129-ാം ജന്മദിനത്തോടനനുബന്ധിച്ചാണ് മകൾ ഈ ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ജനുവരി 23 വെള്ളിയാഴ്ചയാണ് നേതാജിയുടെ ജന്മവാർഷികം. റെങ്കോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ളത് നേതാജിയുടെ ഭൗതികാവശിഷ്ടങ്ങളാണെന്നാണ് മകളും മറ്റു കുടുംബാംഗങ്ങളും വിശ്വസിക്കുന്നത്.
രാജ്യം സ്വതന്ത്രമായിട്ട് 80 വർഷം പിന്നിട്ടിട്ടും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ മുന്നിട്ടുനിന്ന നേതാജിയുടെ ഭൗതികാവശിഷ്ടം വിദേശ മണ്ണിൽ തന്നെ തുടരുന്നത് ഏറെ വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് ഫാഫ് പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പരിശ്രത്തിനിടയിൽ തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രവാസ ജീവിതം നയിച്ചയാളാണ് ബോസ് എന്നും മകൾ ഓർമ്മിപ്പിച്ചു.
പ്രവാസത്തിൽ നിന്നും അദ്ദേഹത്തെ മോചിപ്പിക്കുന്നതിനും ഉചിതമായ അന്ത്യ കർമ്മങ്ങൾ നടത്തുന്നതിനുമായി ചിതാഭസ്മം തിരികെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിൽ പിന്തുണയ്ക്കണമെന്ന് നേതാജിയെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരോട് അനിത ബോസ് അഭ്യർത്ഥിച്ചു. നിലവിൽ ജർമ്മനിയിലുള്ള അനിത ബോസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അഭ്യർത്ഥിച്ചത്.
നേതാജിയുടെ അസാധാരണമായ ജീവിതത്തെ കുറിച്ചും അവർ ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യത്തിനായി അദ്ദേഹം വർഷങ്ങൾ തന്നെ സ്വയം സമർപ്പിച്ചുവെന്നും ആവർത്തിച്ചുള്ള ജയിൽവാസം കാരണം നാട്ടിൽ നിന്ന് പ്രവർത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ഇന്ത്യ വിടാനുള്ള ചരിത്രപരമായ തീരുമാനം നേതാജി എടുത്തതെന്നും മകൾ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹത്തിന്റെ യാത്ര യൂറോപ്പിലേക്കും പിന്നീട് തെക്ക് കിഴക്കൻ ഏഷ്യയിലേക്കും നീണ്ടു. അവിടെ അദ്ദേഹം ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്തു. ഇത് രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക സർക്കാർ രൂപീകരണത്തിലും ബ്രിട്ടീഷ് ഭരണത്തിനെതിരായ ഐഎൻഎയുടെ സായുധ പ്രതിരോധത്തിലും കലാശിച്ചു.
1945 ഓഗസ്റ്റിൽ ജപ്പാൻ കീഴടങ്ങിയതിനു പിന്നാലെ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരിൽ നിന്ന് ടോക്യോയിലേക്ക് പോയി. 1945 ഓഗസ്റ്റ് 18-ന് തായ്‌പേയിൽ വെച്ചാണ് വിമാനപകടം ഉണ്ടാകുന്നതെന്നും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നുവെന്നും അനിത ബോസ് പറയുന്നു. തുടർന്ന് തായ്‌പേയിൽ ആണ് അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകൾ നടത്തിയത്. അദ്ദേഹത്തിന്റെ ചിതാഭസ്മം പിന്നീട് ജപ്പാനിലേക്ക് മാറ്റിയതായും മകൾ അവകാശപ്പെട്ടു. ശേഷം റെങ്കോജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ സംരക്ഷണത്തിൽ ഇത് സൂക്ഷിച്ചിരുന്നതായും ഇന്നും അത് അവിടെയാണുള്ളതെന്നും മകൾ പറയുന്നു.
Thiruvananthapuram,Kerala
80 കൊല്ലം കഴിഞ്ഞു! സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം ജപ്പാനിൽ നിന്നും തിരികെ ഇന്ത്യയിൽ എത്തിക്കണമെന്ന് മകൾ

Comments are closed.