Last Updated:
ഏകദിന ശൈലിയിൽ ബാറ്റുവീശിയ ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഓസ്ട്രേലിയക്ക് കരുത്തായത്
അഡ്ലെയ്ഡ്: രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 337 റൺസിന് പുറത്ത്. 157 റൺസിന്റെ ലീഡാണ് ആതിഥേയർക്ക്. 87.3 ഓവറിൽ 337 റൺസെടുത്ത് ഓസ്ട്രേലിയ പുറത്താകുകയായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഓസ്ട്രേലിയക്ക് കരുത്തായത്. എന്നാൽ മധ്യനിരയിലെ മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല. 141 പന്തുകളിൽ 140 റൺസെടുത്താണ് ഹെഡ് പുറത്തായത്. 4 സിക്സറുകളും 17 ഫോറുകളുമാണ് താരം അടിച്ചെടുത്തത്.
അർധ സെഞ്ചുറി നേടിയ മാർനസ് ലബുഷെൻ (126 പന്തിൽ 64), നേഥൻ മക്സ്വീനി (109 പന്തിൽ 39), മിച്ചൽ സ്റ്റാർക്ക് (15 പന്തിൽ 18), അലക്സ് ക്യാരി (32 പന്തിൽ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്കോറർമാര്‍. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 2 വിക്കറ്റുകൾ നഷ്ടമായി. 10 പന്തുകളിൽ 7 റൺസെടുത്ത കെ എൽ രാഹുലാണ് ആദ്യം പുറത്തായത്. പാറ്റ് കമ്മിൻസിനാണ് വിക്കറ്റ്. നന്നായി തുടങ്ങിയെങ്കിലും യശസ്വി ജയ്സ്വാള്‍ സ്കോട്ട് ബോലണ്ടിന് വിക്കറ്റ് നൽകി മടങ്ങി. 31 പന്തിൽ 24 റൺസാണ് ജയ്സ്വാൾ നേടിയത്. 13 ഓവറിൽ 2ന് 58 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ശുഭ്മാൻ ഗിൽ (23 പന്തിൽ 18), വിരാട് കോഹ്ലി (16 പന്തിൽ 5) എന്നിവരാണ് ക്രീസിൽ.
നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയുടെ നേഥനും സ്റ്റീവ് സ്മിത്തും ജസ്പ്രീത് ബുംറയുടെ പന്തിൽ പുറത്തായി. നന്നായി കളിച്ച ലബുഷെയ്നെ നിതീഷ് റെഡ്ഡിയുടെ ബോളിൽ യശസ്വി ജയ്സ്വാൾ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. ട്രാവിസ് ഹെഡ് അതിവേഗം ബൗണ്ടറികൾ കണ്ടെത്തി സെഞ്ചുറി ഉറപ്പിച്ചതോടെ ഓസ്ട്രേലിയ 300 പിന്നിട്ടു. എന്നാൽ മധ്യനിരയിലെ മറ്റു ബാറ്റർമാരും വാലറ്റവും പ്രതിരോധമില്ലാതെ കീഴടങ്ങിയതോടെ ഓസീസ് ഇന്നിങ്സ് 337ൽ അവസാനിച്ചു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും 4വിക്കറ്റുകൾ വീതം വീഴ്ത്തി. നിതീഷ് കുമാർ റെഡ്ഡിയും ആർ അശ്വിനും ഓരോ വിക്കറ്റുകൾ നേടി.
നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 44.1 ഓവറിലാണ് 180 റൺസിന് പുറത്തായത്. 54 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് 14.1 ഓവറിൽ 48 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി.
New Delhi,New Delhi,Delhi
December 07, 2024 4:09 PM IST
India vs Australia 2nd Test: ഓസ്ട്രേലിയ 337 റൺസിന് പുറത്ത്; 157 റൺസിന്റെ ലീഡ്; ബുംറയ്ക്കും സിറാജിനും 4 വിക്കറ്റ്; ഇന്ത്യക്ക് 2 വിക്കറ്റ് നഷ്ടം

Comments are closed.