Last Updated:
താരങ്ങൾക്ക് പാരിതോഷികമായി 51 കോടി രൂപ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു
ന്യൂഡൽഹി: ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ നേരിൽ കാണാൻ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗികമായി ക്ഷണക്കത്ത് ലഭിച്ചതായി ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു. നവംബർ 5 ബുധനാഴ്ചയാകും കൂടിക്കാഴ്ച. നിലവിൽ മുംബൈയിലുള്ള താരങ്ങൾ, ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലേക്കു പോകും. ഇതിനുശേഷമാകും താരങ്ങൾ സ്വന്തം നാട്ടിലേക്ക് പോവുക.
തിങ്കളാഴ്ച ബിഹാറിലെ സഹർസയിൽ നടന്ന ഒരു പൊതുപരിപാടിയിൽ പ്രധാനമന്ത്രി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചിരുന്നു. രാജ്യത്തിന്റെ ആദ്യത്തെ ലോകകപ്പ് കിരീടം നേടിക്കൊണ്ട് അവർ ചരിത്രം രചിച്ചുവെന്നും അവരുടെ വളർന്നുവരുന്ന ആത്മവിശ്വാസവും ശക്തിയും പ്രതിഫലിപ്പിക്കുന്ന വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘‘ഇന്നലെ മുംബൈയിൽ, ഇന്ത്യയുടെ പെൺമക്കൾ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യ ആദ്യമായി വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടി. 25 വർഷത്തിനുശേഷം, ലോകത്തിന് ഒരു പുതിയ ലോക ചാമ്പ്യനെ ലഭിച്ചു. ഇന്ത്യയുടെ പെൺമക്കൾ മുഴുവൻ രാജ്യത്തിനും അഭിമാനമായി. ഈ വിജയം കായിക മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. ഇത് ഇന്ത്യയുടെ പെൺമക്കളുടെ ആത്മവിശ്വാസത്തിന്റെ പ്രതീകം കൂടിയാണ്. ഇവർ ചെറിയ ഗ്രാമങ്ങളിൽനിന്നും പട്ടണങ്ങളിൽ നിന്നുമുള്ള പെൺമക്കളാണ്; ഇവർ നമ്മുടെ കർഷകരുടെയും തൊഴിലാളികളുടെയും താഴ്ന്ന മധ്യവർഗ കുടുംബങ്ങളുടെയും പെൺമക്കളാണ്. ഞാൻ അവരിൽ അഭിമാനിക്കുന്നു; മുഴുവൻ രാജ്യവും അഭിമാനിക്കുന്നു. ചാമ്പ്യന്മാരായ ഈ പെൺമക്കളുടെ മാതാപിതാക്കൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.’’– പ്രധാനമന്ത്രി പറഞ്ഞു.
ലോകകപ്പ് നേടിയ വനിതാ ക്രിക്കറ്റ് ടീമിന് ഔദ്യോഗികമായി സ്വീകരണം നൽകുന്നത് സംബന്ധിച്ച് ബിസിസിഐ ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. താരങ്ങൾക്ക് പാരിതോഷികമായി 51 കോടി രൂപ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച നവിമുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കന്നി വനിതാ ലോകകപ്പ് കിരീടം നേടിയത്.
വനിതാ ലോകകപ്പ് നേടുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. നേരത്തേ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലൻഡ് ടീമുകൾ ലോകജേതാക്കളായിട്ടുണ്ട്.
New Delhi,New Delhi,Delhi
November 03, 2025 9:38 PM IST

Comments are closed.