Last Updated:
റാഞ്ചിയിൽ 120 പന്തില്‍ നിന്ന് 11 ഫോറുകളുടെയും ഏഴു സിക്‌സറിന്റെയും അകമ്പടിയോടെ 135 റണ്‍സാണ് കോഹ്ലി നേടിയത്
ഇന്ത്യൻ ക്രിക്കറ്റിന്റെ ‘രാജാവ്’ എന്ന് തന്നെ വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് വിരാട് കോഹ്‌ലി വീണ്ടും തെളിയിച്ചു. ഞായറാഴ്ച റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ വിരാട് കോഹ്ലി ഏകദിനത്തിലെ തന്റെ 52 –ാം സെഞ്ച്വറിയാണ് കുറിച്ചത്. ഇതോടെ ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ബാറ്റ്‌സ്മാനായി കോഹ്ലി മാറി. ടെസ്റ്റില്‍ സാക്ഷാൽ സച്ചിൻ ടെൻടുൽക്കർ നേടിയ 51 സെഞ്ചുറികളായിരുന്നു ഇതിന് മുൻപ് ഒരു ഫോർമാറ്റിലെ ഏറ്റവും കൂടുതൽ സെഞ്ച്വറി. ഈ റെക്കോഡാണ് കോഹ്ലി തിരുത്തിയെഴതിയത്.
റാഞ്ചിയിൽ 120 പന്തില്‍ നിന്ന് 11 ഫോറുകളുടെയും ഏഴു സിക്‌സറിന്റെയും അകമ്പടിയോടെ 135 റണ്‍സാണ് കോഹ്ലി നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 83-ാമത്തെ സെഞ്ച്വറിയാണ് കോലി റാഞ്ചിയിൽ കുറിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ രണ്ടാമനാണ് കോഹ്ലി. ടെസ്റ്റില്‍ 30 സെഞ്ച്വറിയും ടി20യിൽ ഒരു സെഞ്ച്വറിയും കോഹ്ലിയുടെ പേരിലുണ്ട്.
ഏകദിനത്തിൽ 49 സെഞ്ച്വറിയും ടെസ്റ്റിൽ 51 സെഞ്ച്വറിയും ഉൾപ്പെടെ ആകെ 100 അന്താരാഷ്ട്ര സെഞ്ച്വറികളാണ് സച്ചിന്റെ സമ്പാദ്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരവും സച്ചിനാണ്.
2023-ൽ, 2023 ലെ ഐസിസി ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ നേടിയ 50 –ാം ഏകദിന സെഞ്ച്വറിയിലൂടെ കോഹ്‌ലി തന്റെ ആരാധനാപാത്രമായ സച്ചിൻ ടെണ്ടുൽക്കറെ മറികടന്നിരുന്നു. ഈ വർഷം ആദ്യം, ദുബായിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ ബാറ്റ് ചെയ്താണ് കോഹ്‌ലി തന്റെ 51- ാം സെഞ്ച്വറി നേടിയത്. റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന സെഞ്ച്വറി നേട്ടം കോഹ്ലിയെ വീണ്ടും സച്ചിനെ മറികടക്കാൻ സഹായിച്ചു.
അതേസമയം, ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്വസ് കാലിസിനെ കോഹ്‌ലി മറികടന്നു. 37 കാരനായ കോഹ്‌ലി ഇപ്പോൾ 1600 ൽ കൂടുതൽ റൺസുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അതേസമയം 2001 റൺസുമായി സച്ചിനാണ് ഒന്നാം സ്ഥാനത്ത്.
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച സച്ചിൻ ടെണ്ടുൽക്കറുടെയും രാഹുൽ ദ്രാവിഡിന്റെയും റെക്കോർഡും രോഹിതും കോഹ്‌ലിയും മറികടന്നു. ഇരുവരും ഒരുമിച്ച് കളിക്കുന്ന 392-ാം മത്സരമായിരുന്നു റാഞ്ചിയിൽ നടന്നത്. സച്ചിൻ-ദ്രാവിഡും 391 മത്സരങ്ങളാണ് ഒന്നിച്ചു കളിച്ചത്. 369 മത്സരങ്ങൾ ഒരുമിച്ച് കളിച്ച സൗരവ് ഗാംഗുലിയും ദ്രാവിഡും മൂന്നാം സ്ഥാനത്താണ്.
New Delhi,Delhi
December 01, 2025 10:06 AM IST

Comments are closed.