Last Updated:
“ഞങ്ങൾ കളിക്ക് ശേഷം കൈ കൊടുക്കാൻ തയ്യാറായിരുന്നു. എതിർ ടീം അത് ചെയ്യാത്തതിൽ ഞങ്ങൾക്ക് നിരാശയുണ്ട്..”- പാക് മുഖ്യപരിശീലകൻ മൈക്ക് ഹെസ്സൻ പ്രതികരിച്ചു
ന്യൂഡൽഹി: ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഏഴ് വിക്കറ്റ് വിജയത്തിനിടെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം നാടകീയ രംഗങ്ങൾക്ക് വേദിയായി. ഇന്ത്യൻ കളിക്കാർ ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് പാക് നായകൻ സൽമാൻ അലി ആഗ പോസ്റ്റ് മാച്ച് പ്രസന്റേഷൻ ചടങ്ങിൽ പങ്കെടുക്കാതെ വിട്ടുനിന്നു.
ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഒരു സിക്‌സറിലൂടെ വിജയം ഉറപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്. എതിർ ടീമംഗങ്ങളുമായി പതിവ് ഹസ്തദാനം ചെയ്യാൻ കാത്തുനിൽക്കാതെ, സൂര്യകുമാർ തന്റെ ബാറ്റിംഗ് പങ്കാളിയായ ശിവം ദുബെയുമായി മാത്രം കൈ കൊടുത്ത ശേഷം നേരെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. നിമിഷങ്ങൾക്കകം ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫ് വാതിൽ അടച്ചു. ഈ സമയം പാക് കളിക്കാർ ഗ്രൗണ്ടിന് നടുവിൽ കുടുങ്ങി.
ഇന്ത്യ ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതിനെ കുറിച്ച് പാകിസ്ഥാൻ ഹെഡ് കോച്ച് മൈക്ക് ഹെസ്സൺ പ്രതികരിച്ചത് ഇങ്ങനെ- “ഞങ്ങൾ കളിക്ക് ശേഷം കൈ കൊടുക്കാൻ തയ്യാറായിരുന്നു. എതിർ ടീം അത് ചെയ്യാത്തതിൽ ഞങ്ങൾക്ക് നിരാശയുണ്ട്. ഞങ്ങൾ അങ്ങോട്ട് ചെന്നപ്പോഴേക്കും അവർ ഡ്രസ്സിംഗ് റൂമിലേക്ക് പോയിരുന്നു, കളി അവസാനിപ്പിക്കേണ്ട ശരിയായ രീതിയല്ല ഇത് ” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാകിസ്ഥാൻ ടീം മാനേജ്‌മെന്റ് അവരുടെ പ്രതിഷേധം ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. “ഇന്ത്യൻ കളിക്കാരുടെ പെരുമാറ്റം സ്പോർട്സ്മാൻ സ്പിരിറ്റിന് എതിരായിരുന്നു. അതുകൊണ്ടാണ് ക്യാപ്റ്റൻ ആഗയെ പോസ്റ്റ് മാച്ച് ചടങ്ങിന് അയക്കാതിരുന്നത്,” അതിൽ പറയുന്നു.
എന്നാൽ ഇന്ത്യ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. തന്റെ പത്രസമ്മേളനത്തിൽ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു: “പാകിസ്ഥാൻ ടീമുമായി ഹസ്തദാനം ചെയ്യാത്തതിൽ സർക്കാരും ബിസിസിഐയും ടീമിനൊപ്പം ഉണ്ടായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം ഞങ്ങൾ നിലകൊള്ളുന്നു, ഞങ്ങളുടെ ഐക്യദാർഢ്യം അറിയിക്കുന്നു. ഇന്നത്തെ വിജയം സൈന്യത്തിന് സമർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
ഇന്ത്യൻ സ്പിന്നർമാരുടെ ഗംഭീര പ്രകടനവും സൂര്യകുമാറിന്റെ 47 റൺസ് ഇന്നിങ്സുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.
എന്നാൽ കളികഴിഞ്ഞുള്ള ഹസ്തദാനം നിരസിച്ചതും പാക് നായകൻ പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ നിന്ന് വിട്ടുനിന്നതിലൂടെ നിശബ്ദമായി പ്രതിഷേധിച്ചതുമാണ് യഥാർത്ഥത്തിൽ ചർച്ചയായത്.
New Delhi,New Delhi,Delhi
September 15, 2025 9:07 AM IST
ഏഷ്യാകപ്പ്: ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതിനോട് പാക് ക്യാപ്റ്റൻ പ്രതിഷേധിച്ചതെങ്ങനെ?

Comments are closed.