മെസിയെ പഴിച്ച് സുനിൽ ഗാവസ്കർ; ‘കൊല്‍ക്കത്തയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താരം; ആരാധകരോട് പ്രതിബദ്ധത കാണിച്ചില്ല’| Sunil Gavaskar Slams Lionel Messi Blames him for All Problems in Kolkata Cites Lack of Commitment | Sports


Last Updated:

‘നിശ്ചിത സമയം മൈതാനത്ത് ചെലവഴിക്കാമെന്ന് സമ്മതിച്ചിരുന്ന മെസി അതിന് നില്‍ക്കാതെ നേരത്തേ പോയെങ്കില്‍ അതില്‍ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കുമാണ്’

സുനില്‍ ഗാവസ്കർ, ലയണല്‍ മെസി
സുനില്‍ ഗാവസ്കർ, ലയണല്‍ മെസി

മുംബൈ: ‘ഗോട്ട് ഇന്ത്യാ ടൂറി’ന്റെ ഭാഗമായി കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ അക്രമമുണ്ടായ സംഭവത്തില്‍ അർജന്റീനിയൻ സൂപ്പര്‍താരം ലയണല്‍ മെസിക്കെതിരേ വിമര്‍ശനവുമായി സുനില്‍ ഗാവസ്‌കർ. മെസി ആരാധകരോട് പ്രതിബദ്ധത കാണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വിമർ‌ശിച്ചു. സ്‌പോര്‍ട്‌സ് സ്റ്റാറിലെഴുതിയ കുറിപ്പിലാണ് ഗാവസ്‌കറുടെ വിമര്‍ശനം.

നിശ്ചിത സമയം മൈതാനത്ത് ചെലവഴിക്കാമെന്ന് സമ്മതിച്ചിരുന്ന മെസി അതിന് നില്‍ക്കാതെ നേരത്തേ പോയെങ്കില്‍ അതില്‍ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കുമാണ്. കരാര്‍ എന്തായിരുന്നുവെന്നത് പൊതുജനങ്ങള്‍ക്ക് അറിയില്ല. അദ്ദേഹം ഒരു മണിക്കൂര്‍ അവിടെ ഉണ്ടായിരിക്കേണ്ടതായിരുന്നു, അതിനുമുമ്പ് പോയെങ്കില്‍ ‘യഥാർത്ഥ കുറ്റവാളി’ അദ്ദേഹവും അദ്ദേഹത്തിന്റെ പരിചാരകരുമാണ്.

സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വാദങ്ങളും ഗാവസ്കർ തള്ളിക്കളഞ്ഞു. മെസി സുരക്ഷാ ഭീഷണി നേരിട്ടിട്ടില്ലെന്നും ഗ്രൗണ്ടില്‍ നടക്കുന്നതോ പെനാല്‍റ്റി എടുക്കുന്നതോ പോലുള്ള ലളിതമായ എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നുവെന്നും ഗാവസ്കർ പറഞ്ഞു.

ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ മെസ്സിയുടെ പരിപാടികള്‍ ഒരു തടസ്സവുമില്ലാതെ നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഗാവസ്കർ കൊല്‍ക്കത്തയിലെ സംഘാടകരെ പിന്തുണച്ചു. മെസ്സി പ്രതിബദ്ധത കാണിച്ചതിനാല്‍ അവിടങ്ങളിലെ പരിപാടികള്‍ സുഗമമായി നടന്നു. അതിനാല്‍ കൊല്‍ക്കത്തയിലെ ഇന്ത്യക്കാരെ കുറ്റപ്പെടുത്തുന്നതിനുമുമ്പ്, ഇരുവശത്തുമുള്ള വാഗ്ദാനങ്ങള്‍ യഥാർത്ഥത്തില്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെസിയെയും സഹതാരങ്ങളെയും നന്നായി കാണാനാകാത്തതില്‍ ആരാധകര്‍ പ്രകോപിതരായതോടെ നിശ്ചയിച്ചതിനേക്കാള്‍ വേഗത്തില്‍ മെസി കൊൽ‌ക്കത്ത സാൾ‌ട്ട്ലേക്ക് സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുകയായിരുന്നു. ഇതോടെ കാണികള്‍ അക്രമാസക്തരായി. സംഭവത്തില്‍ പോലീസുകാര്‍ക്ക് ഉള്‍പ്പെടെ ചെറിയ പരിക്കുണ്ടായി. പരിപാടിയുടെ പ്രധാന സംഘാടകനും സ്‌പോര്‍ട്സ് പ്രമോട്ടറുമായ സതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മെസ്സിയോടും ആരാധകരോടും മാപ്പുപറഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടു. കാണികള്‍ക്ക് സംഘാടകര്‍ ടിക്കറ്റ് ഫീസ് തിരിച്ചുനല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ഡിജിപി രാജീവ് കുമാര്‍ പറഞ്ഞു.

മെസ്സിയും സംഘവും ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും കൂടെയുണ്ടായിരുന്നു. 4000 മുതല്‍ 15000 രൂപ വരെയായിരുന്നു പരിപാടിയുടെ ടിക്കറ്റ് നിരക്ക്. കരിഞ്ചന്തയില്‍ 20000 രൂപവരെ നല്‍കി ടിക്കറ്റ് വാങ്ങിയവരുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അമ്പതിനായിരത്തോളം ആളുകള്‍ മെസ്സിയെ കാണാനെത്തിയിരുന്നു.

സ്റ്റേഡിയത്തിലെത്തുമ്പോള്‍ രാഷ്ട്രീയനേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന വലിയ സംഘത്തിന്റെ നടുവിലായിരുന്നു മെസി. ബംഗാള്‍ കായികമന്ത്രി അരൂപ് ബിശ്വാസും കൂടെയുണ്ടായിരുന്നു. കനത്ത ആള്‍വലയത്തിലായതിനാല്‍ സ്റ്റേഡിയത്തിലിരുന്നവര്‍ക്ക് താരത്തെ കാണുന്നില്ലായിരുന്നു. ഇതോടെ കാണികള്‍ പ്രതിഷേധം തുടങ്ങി. സ്റ്റേഡിയത്തില്‍ കാണികള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും പരാതിയുണ്ട്. സാഹചര്യം മോശമായതിനാല്‍ സംഘാടകര്‍ ഉടന്‍ മെസിയെ പുറത്തിറക്കിയതോടെ കാണികള്‍ ഗ്രൗണ്ട് കയ്യേറി.

മലയാളം വാർത്തകൾ/ വാർത്ത/Sports/

മെസിയെ പഴിച്ച് സുനിൽ ഗാവസ്കർ; ‘കൊല്‍ക്കത്തയിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താരം; ആരാധകരോട് പ്രതിബദ്ധത കാണിച്ചില്ല’

Comments are closed.