Last Updated:
കൊൽക്കത്ത ആസ്ഥാനമായുള്ള അർജന്റീന ഫാൻ ക്ലബ് മേധാവിക്കെതിരെയാണ് പരാതി നൽകിയത്
അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയുടെ കൊൽക്കത്ത പര്യടനത്തിലുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേര് മനപ്പൂർവ്വം വലിച്ചിഴച്ചു എന്നാരോപിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി കൊൽക്കത്ത ആസ്ഥാനമായുള്ള അർജന്റീന ഫാൻ ക്ലബ് മേധാവിക്കെതിരെ 50 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തു.അർജന്റീന ഫാൻസ് ക്ലബ് ഓഫ് കൊൽക്കത്തയുടെ പ്രസിഡന്റ് ഉത്തം സാഹയ്‌ക്കെതിരെയാണ് പരാതി നൽകിയത്.
മുഖ്യ സംഘാടകനായ സതാദ്രു ദത്ത മേൽനോട്ടം വഹിച്ച ഗോട്ട് ടൂർ ഇന്ത്യ 2025 പരിപാടിയുടെ നടത്തിപ്പിൽ ഗാംഗുലി ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നായിരുനന്നു ഉത്തം സാഹയുടെ ആരോപണം. എന്നാൽ സാഹയുടെ പരസ്യ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ പ്രതിച്ഛായയ്ക്ക് ഗുരുതരമായ ക്ഷതം വരുത്തുന്നതാണെന്നും ഗാംഗുലി സാഹയ്ക്ക് അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.
മെസ്സിയുടെ പരിപാടി സംഘടിപ്പിക്കുന്നതിലോ കൈകാര്യം ചെയ്യുന്നതിലോ തനിക്ക് ഔദ്യോഗിക പങ്കില്ലെന്ന് നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഗാംഗുലി തന്റെ പരാതിയിൽ വ്യക്തമാക്കി. സ്റ്റേഡിയത്തിലെ തന്റെ സാന്നിധ്യം ക്ഷണിക്കപ്പെട്ട അതിഥിയായിട്ടാണ് മാത്രമെന്നും പരിപാടിയുടെ ആസൂത്രണത്തിലോ നിർവ്വഹണത്തിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറയുന്നു.
പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്തയെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു. പരിപാടിയുടെ തെറ്റായ നടത്തിപ്പിൽ ഖേദം പ്രകടിപ്പിച്ചകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പിന്നീട് എക്‌സിൽ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു
Kolkata,West Bengal
Dec 19, 2025 11:54 AM IST

Comments are closed.