Last Updated:
ലോകകപ്പിൽ ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2026 ടി20 ലോകകപ്പിന് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വന്നില്ലെങ്കിൽ പാകിസ്ഥാൻ ടൂർണമെന്റ് ബഹിഷ്കരിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശ് തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്താൽ പാകിസ്ഥാനും ടൂർണമെന്റ് ബഹിഷ്കരിച്ചേക്കുമെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.2026-ലെ ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (BCB) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) തള്ളിയിരുന്നു.
അതേസമയം, ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത് ആലോചനയിലില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ടെലികോം ഏഷ്യ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ നിർബന്ധപ്രകാരം പാകിസ്ഥാനിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയ സാഹചര്യത്തിൽ, ബംഗ്ലാദേശിന്റെ സമാനമായ ആവശ്യം അംഗീകരിക്കാത്തത് നിരാശാജനകമാണെന്നും പാകിസ്ഥാൻ ബംഗ്ലാദേശിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും പിസിബി വൃത്തങ്ങൾ വ്യക്തമാക്കി.
ടൂർണമെന്റിന്റെ ഷെഡ്യൂളിൽ മാറ്റം വരുത്താനാവില്ലെന്ന് ബുധനാഴ്ച ചേർന്ന ഐസിസി ബോർഡ് യോഗം തീരുമാനിച്ചിരുന്നു. ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് ടൂർണമെന്റ് ഫെബ്രുവരി 7 മുതൽ ആണ് ആരംഭിക്കുന്നത്. 16 അംഗങ്ങളിൽ 14 പേരും വേദി മാറ്റണമെന്ന ബംഗ്ലാദേശിന്റെ അപേക്ഷയ്ക്ക് എതിരെയാണ് വോട്ട് ചെയ്തത്. ബംഗ്ലാദേശും പാകിസ്ഥാനും മാത്രമാണ് മാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്തത്. പങ്കാളിത്തം സ്ഥിരീകരിക്കാൻ ജനുവരി 21 വരെയാണ് ബംഗ്ലാദേശിന് സമയം നൽകിയിരുന്നതെങ്കിലും തങ്ങളുടെ നിലപാട് അറിയിക്കാൻ ഐസിസി ബോർഡ് ഒരു ദിവസം കൂടി അനുവദിച്ചിട്ടുണ്ട്.
വിഷയത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കുന്നതിനായി ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ വ്യാഴാഴ്ച ദേശീയ ക്രിക്കറ്റ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തും. താരങ്ങളുടെ അഭിപ്രായവും അദ്ദേഹം ചോദിച്ചറിയും. ഭൂരിഭാഗം കളിക്കാരും ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുകൂലമാണെന്നാണ് സൂചന.
New Delhi,Delhi

Comments are closed.