Last Updated:
ഒരു ആക്ടീവായ സിം കാർഡ് ഫോണിൽ ഇല്ലാതെ ഇനി ഈ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ല
ന്യൂഡൽഹി: വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്നാപ്ചാറ്റ്, ജിയോചാറ്റ്, ഷെയർചാറ്റ്, അരട്ടൈ, ജോഷ് തുടങ്ങിയ ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഒരു ആക്ടീവായ സിം കാർഡ് ഫോണിൽ ഇല്ലാതെ ഇനി ഈ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ല. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പാണ് (DoT) പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
പുതിയ ടെലികമ്മ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി 2025-ന്റെ ഭാഗമായാണ് ഉത്തരവ്. രാജ്യത്ത് ആദ്യമായാണ് ആപ്പ് അധിഷ്ഠിത സന്ദേശമയയ്ക്കൽ സേവനങ്ങൾ ടെലികോമിന്റെ അതേ കർശന നിയന്ത്രണങ്ങൾക്ക് വിധേയമാകുന്നത്. പുതിയ നിയമപ്രകാരം ഈ ആപ്പുകളെ ടെലികമ്മ്യൂണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റീസ് (TIUEs) എന്ന് തരംതിരിച്ചിട്ടുണ്ട്. ഈ പ്ലാറ്റ്ഫോമുകൾ 90 ദിവസത്തിനുള്ളിൽ സിം കാർഡുമായി സേവനങ്ങൾ നിരന്തരം ബന്ധിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
വെബ് ബ്രൗസർ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്കായി മറ്റൊരു പ്രധാന മാറ്റവും ടെലികമ്മ്യൂണിക്കേഷൻസ് കൊണ്ടുവന്നിട്ടുണ്ട്. പ്ലാറ്റ്ഫോമുകൾ ഓരോ 6 മണിക്കൂർ കൂടുമ്പോഴും ഉപയോക്താക്കളെ ലോഗ് ഔട്ട് ചെയ്യുകയും, ക്യുആർ കോഡ് വഴി വീണ്ടും വെരിഫിക്കേഷൻ നടത്തുകയും ചെയ്യും. ഓരോ സെഷനും ഇപ്പോൾ സജീവവും സാധുതയുള്ളതുമായ സിമ്മുമായി ബന്ധിപ്പിക്കപ്പെടുന്നതിലൂടെ കുറ്റവാളികൾക്ക് ആപ്പുകൾ ദുരുപയോഗം ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
കമ്മ്യൂണിക്കേഷൻ ആപ്പുകൾ ഉപയോക്താക്കളെ സ്ഥിരീകരിക്കുന്നതിലെ പ്രധാന പഴുതുകൾ അടയ്ക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ടെലികമ്മ്യൂണിക്കേഷൻസ് ലക്ഷ്യമിടുന്നത്. നിലവിൽ മിക്ക സേവനങ്ങളും ഇൻസ്റ്റാളേഷൻ സമയത്ത് ഒരു തവണ മാത്രമാണ് ഉപയോക്താവിന്റെ മൊബൈൽ നമ്പർ സ്ഥിരീകരിക്കുന്നത്. സിം നീക്കം ചെയ്താലും ഡീആക്ടിവേറ്റ് ചെയ്താലും ആപ്പ് തുടർന്നും പ്രവർത്തിക്കും.
ഇത് ദുരുപയോഗത്തിന് അവസരമൊരുക്കുന്നതായി സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI) വ്യക്തമാക്കുന്നു. ഇന്ത്യക്ക് പുറത്തുനിന്ന് പ്രവർത്തിക്കുന്ന സൈബർ കുറ്റവാളികൾക്ക് സിം മാറ്റിയാലും ഡീആക്ടിവേറ്റ് ചെയ്താലും ആപ്പുകൾ തുടർന്നും ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ തട്ടിപ്പുകൾ ട്രാക്ക് ചെയ്യുന്നത് അസാധ്യമാകുന്നു.
ഡിജിറ്റൽ പേയ്മെന്റുകൾ പോലുള്ള മേഖലകളിൽ ഇതിനകം സമാനമായ സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ട്. ബാങ്കിംഗ്, യുപിഐ ആപ്പുകൾ അനധികൃത പ്രവേശനം തടയാൻ കർശനമായ സിം പരിശോധന നടപ്പിലാക്കുന്നുണ്ട്. സെബി (SEBI) പോലും ട്രേഡിങ് അക്കൗണ്ടുകൾ സിം കാർഡുകളുമായി ബന്ധിപ്പിക്കാനും കൂടുതൽ സംരക്ഷണത്തിനായി മുഖം തിരിച്ചറിയൽ ഉപയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
സിം ബന്ധിപ്പിക്കുന്നത് തട്ടിപ്പുകൾ തടയാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ മറ്റു ചിലർ ഈ കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തി. തട്ടിപ്പുകാർക്ക് വ്യാജമായോ കടമെടുത്തതോ ആയ ഐഡികൾ ഉപയോഗിച്ച് പുതിയ സിം കാർഡുകൾ എളുപ്പത്തിൽ നേടാൻ കഴിയുമെന്നും, അതിനാൽ ഈ നടപടിക്ക് പരിമിതമായ പ്രയോജനം മാത്രമേ ഉണ്ടാകൂ എന്നും സൈബർ സുരക്ഷാ വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം, മൊബൈൽ നമ്പറുകളാണ് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഡിജിറ്റൽ ഐഡന്റിഫയറുകളെന്നും ഈ നീക്കം നിലവിലെ സ്ഥിരീകരണ സംവിധാനത്തെ ശക്തിപ്പെടുത്താനും സൈബർ സുരക്ഷ വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും ടെലികോം വ്യവസായ പ്രതിനിധികൾ അഭിപ്രായപ്പെടുന്നു.
ഉപയോക്തൃ സൗകര്യത്തിനോ സ്വകാര്യതയ്ക്കോ കോട്ടം വരുത്താതെ വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് ഈ മാറ്റങ്ങൾ എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് വെബ് ബ്രൗസറുകളിൽ ലോഗിൻ ചെയ്തിരിക്കുന്ന സൗകര്യം നഷ്ടപ്പെടുകയോ അല്ലെങ്കിൽ സിം നിഷ്ക്രിയമായാൽ അവരുടെ ഇഷ്ട ആപ്പുകളിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്യേണ്ടി വരും.
New Delhi,New Delhi,Delhi
November 30, 2025 9:47 AM IST
വാട്സ്ആപ്പ് പോലും; സിം കാർഡില്ലാതെ ഫോണിൽ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കില്ല; നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

Comments are closed.