കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യന്‍ വംശജന്‍ അപരിചിതന്റെ ആക്രമണത്തില്‍ കാനഡയില്‍ കൊല്ലപ്പെട്ടു | Indian Origin man killed in canada after he confronts stranger for peeing on his car | World


Last Updated:

യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ഇന്ത്യന്‍ വംശജനെ ആക്രമിച്ചത്

കാനഡയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍
കാനഡയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍

കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജനായ വ്യവസായി അപരിചിതന്റെ ആക്രമണത്തിൽ കാനഡയിൽ കൊല്ലപ്പെട്ടു. ഒക്ടോബർ 19ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം ഇന്ത്യൻ വംശജനായ അർവി സിംഗ് സാഗൂവും(55) അദ്ദേഹത്തിന്റെ കാമുകിയും അവരുടെ കാറിൽ മടങ്ങുമ്പോഴാണ് സംഭവം. തങ്ങളുടെ വാഹനത്തിൽ ഒരാൾ മൂത്രമൊഴിക്കുന്നത് സാഗൂവും കാമുകിയും ശ്രദ്ധിച്ചു. തുടർന്ന് ഇതിന്റെ പേരിൽ അജ്ഞാതായ അയാളോട് അവർ തർക്കിക്കുകയും പിന്നാലെ സ്ഥിതിഗതികൾ അക്രമാസക്തമാകുകയുമായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന്’ സാഗൂ അപരിചിതനോട് ചോദിച്ചതായി റിപ്പോർട്ട് വ്യക്തമാക്കി. ‘ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്ന്’ അയാൾ മറുപടി നൽകി. തുടർന്ന് ഇയാൾ സാഗൂവിന്റെ അടുത്തേക്ക് നടന്ന് വന്ന് തലയിൽ ഇടിയ്ക്കുകയായിരുന്നു. അടിയേറ്റ് സാഗൂ ഉടൻ തന്നെ നിലത്ത് വീണു. അദ്ദേഹത്തിന്റെ കാമുകി ഉടൻ തന്നെ പാരാമെഡിക്കൽ സംഘത്തെ ഫോണിൽ ബന്ധപ്പെട്ടു. അവർ വന്നപ്പോഴേക്കും സാഗൂ അബോധാവസ്ഥയിലാകുകയും പ്രതികരിക്കുന്നില്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് ജീവൻ നിലനിർത്താനാവശ്യമായ സഹായങ്ങൾ ചെയ്തു. ആക്രമണം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഒക്ടോബർ 24ന് സാഗൂ മരണമടഞ്ഞു.

കൈൽ പാപ്പിൻ എന്നയാളാണ് സാഗൂവിനെ ആക്രമിച്ചതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തി. സാഗൂവിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട് എഡ്‌മോണ്ടൻ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സാഗൂവും പ്രതിയും തമ്മിൽ മുൻ പരിചയമൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി സാഗൂവിനെ ആക്രമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

രണ്ട് മക്കളാണ് സാഗൂവിന് ഉള്ളതെന്നും അവരോട് അർപ്പണബോധമുള്ള, കരുതലുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വിശേഷിപ്പിച്ചു. സാഗൂവിന്റെ മക്കൾക്ക് സഹായം നൽകുന്നതിനും ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നതിനുമായി കാനഡയിൽ ഫണ്ട് റൈസിംഗ് ആരംഭിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/World/

കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യന്‍ വംശജന്‍ അപരിചിതന്റെ ആക്രമണത്തില്‍ കാനഡയില്‍ കൊല്ലപ്പെട്ടു

Comments are closed.