Last Updated:
വൈറ്റ് ഹൗസിന് സമീപം ഒരു അഫ്ഗാന്‍ പൗരന്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരെ വെടിവച്ചതിനെത്തുടര്‍ന്നാണ് ട്രംപ് കടുത്ത കുടിയേറ്റ വിരുദ്ധ പരാമര്‍ശം നടത്തിയത്
സൊമാലിയന്‍ വംശജയായ യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെ (Ilhan Omar) രൂക്ഷമായി വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump). അവരുടെ കുടിയേറ്റ പശ്ചാത്തലം ഉയര്‍ത്തിക്കാട്ടിയായിരുന്നു ട്രംപിന്റെ വ്യക്തിപരമായ ആക്രമണം. തന്റെ സഹോദരനെ വിവാഹം കഴിച്ചാണ് ഇല്‍ഹാന്‍ അമേരിക്കയിലേക്ക് നിയമവിരുദ്ധമായി എത്തിയതെന്ന് ട്രംപ് ആരോപിച്ചു.
വൈറ്റ് ഹൗസിന് സമീപം ഒരു അഫ്ഗാന്‍ പൗരന്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരെ വെടിവച്ചതിനെത്തുടര്‍ന്നാണ് ട്രംപ് കടുത്ത കുടിയേറ്റ വിരുദ്ധ പരാമര്‍ശം നടത്തിയത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇല്‍ഹാന്‍ ഒമറിനെതിരെ ആഞ്ഞടിച്ചത്.
യുഎസ് കോണ്‍ഗ്രസിലെ ഏറ്റവും മോശം വനിതാ പ്രതിനിധിയാണ് ഇല്‍ഹാന്‍ എന്നും ട്രംപ് ആരോപിച്ചു. അവര്‍ കുടിയേറ്റ ആവശ്യങ്ങള്‍ക്കായി തന്റെ സഹോദരനെ വിവാഹം കഴിച്ചുവെന്നും ട്രംപ് പറഞ്ഞു. മിനസോട്ടയില്‍ നിന്നുള്ള സഭാംഗമാണ് ഇല്‍ഹാന്‍ ഒമര്‍.
സൊമാലിയന്‍ പാരമ്പര്യത്തിന്റെ പേരിലും ഇല്‍ഹാന്‍ ഒമറിനെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. എപ്പോഴും ഹിജാബ് ധരിക്കുന്ന ഒമര്‍ നിയമവിരുദ്ധമായാണ് അമേരിക്കയിലേക്ക് വന്നതെന്നും യുഎസില്‍ ഒന്നും ചെയ്യാതെ തങ്ങളുടെ രാജ്യത്തെ കുറിച്ചും അതിന്റെ ഭരണഘടനയെ കുറിച്ചും വെറുപ്പോടെ പരാതിപ്പെടുകയും മോശമായി പെരുമാറുകയും ചെയ്യുന്നുവെന്നും ട്രംപ് ആരോപിച്ചു. ജീര്‍ണിച്ച പിന്നോക്കാവസ്ഥയിലുള്ള കുറ്റകൃത്യങ്ങള്‍ നിറഞ്ഞ രാഷ്ട്രമാണ് സൊമാലിയ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഎസിലെ ആദ്യ സൊമാലിയന്‍-അമേരിക്കന്‍ ആയ ഒമര്‍ എപ്പോഴെങ്കിലും ബന്ധുവിനെ വിവാഹം കഴിച്ചതിനോ കുടിയേറ്റ തട്ടിപ്പ് നടത്തിയതിനോ തെളിവില്ല. തന്റെ അവകാശവാദങ്ങളെ കുറിച്ച് ട്രംപും വിശദീകരണം നല്‍കിയിട്ടില്ല. ഇതാദ്യമായല്ല ഇല്‍ഹാനെതിരെ ട്രംപ് കടുത്ത വംശീയ ആക്ഷേപങ്ങള്‍ നടത്തുന്നത്. ഇല്‍ഹാന്‍ രാജ്യം വിട്ടുപോകണമെന്നു വരെ ട്രംപ് പറഞ്ഞിരുന്നു.
സൊമാലിയയില്‍ ജനിച്ച ഒമര്‍ എട്ട് വയസ്സുള്ളപ്പോള്‍ ഒരു ആഭ്യന്തര യുദ്ധത്തിനിടെയാണ് രാജ്യം വിട്ട് പലായനം ചെയ്തത്. 1995-ല്‍ കെനിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നാല് വര്‍ഷം ചെലവഴിച്ച ശേഷമാണ് അവര്‍ യുഎസില്‍ എത്തിയത്. 2000-ല്‍ ഇല്‍ഹാന് അമേരിക്കന്‍ പൗരത്വം കിട്ടി. തന്റെ ഇന്ത്യാ വിരുദ്ധ നിലപാടിന് പേരുകേട്ട ഇല്‍ഹാന്‍ 2024-ല്‍ കോണ്‍ഗ്രസില്‍ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.
2002-ല്‍ ഒരു മതപരമായ ചടങ്ങില്‍വെച്ച് അഹമ്മദ് അബ്ദിസലന്‍ ഹിര്‍സിയെ അവര്‍ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. 2009-ല്‍ ആദ്യ വിവാഹം ഒഴിയുന്നതിന് മുമ്പ് ഒമര്‍ അഹമ്മദ് എല്‍മിയെ വിവാഹം ചെയ്തു. 2011-ലാണ് ആദ്യ ബന്ധം നിയമപരമായി വേര്‍പിരിഞ്ഞത്. 2017-ല്‍ ഒമര്‍ എല്‍മിയുമായുള്ള ബന്ധവും പിരിഞ്ഞു. അടുത്ത വര്‍ഷം വീണ്ടും ഹിര്‍സിയെ പുനര്‍വിവാഹം ചെയ്തു. എന്നാല്‍ ഈ ബന്ധം പിന്നീട് 2020-ല്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ രാഷ്ട്രീയ ഉപദേഷ്ടാവായ ടിം മൈനറ്റിനെ വിവാഹം കഴിച്ചിരിക്കുകയാണ്.
രണ്ടാം ഭര്‍ത്താവായ എല്‍മി തന്റെ ബന്ധു സഹോദരനാണെന്നും വിവാഹം കുടിയേറ്റ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള തട്ടിപ്പായിരുന്നുവെന്നും ഇല്‍ഹാന്‍ തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി യുകെ ഡെയ്‌ലി മെയില്‍ ഒരു റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ ട്രംപ് അവര്‍ക്കെതിരെയുള്ള ആയുധമാക്കിയിരിക്കുന്നത്.
മിനസോട്ടയിലെ സൊമാലിയക്കാര്‍ക്കുള്ള താല്‍ക്കാലിക സംരക്ഷണ പദവി അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒമറിനെതിരെയുള്ള വംശീയ ആക്ഷേപം വന്നിരിക്കുന്നത്. നിലവില്‍ 700 ഓളം സൊമാലിയന്‍ കുടിയേറ്റക്കാര്‍ യുഎസില്‍ താമസിക്കുന്നുണ്ട്. സൊമാലിയ അടക്കം 19 രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് കുടിയേറിയവര്‍ക്ക് നല്‍കിയിട്ടുള്ള ഗ്രീന്‍ കാര്‍ഡുകളും യുഎസ് പരിശോധിക്കും.
Thiruvananthapuram,Kerala
November 30, 2025 10:00 AM IST

Comments are closed.