Last Updated:
ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് യുഎസ് തയ്യാറാക്കിയ ഒരു പ്രമേയം കഴിഞ്ഞയാഴ്ച യുഎന്‍ സുരക്ഷാ സമിതി അംഗീകരിച്ചിരുന്നു
ഗാസ സമാധാന സേനയിലേക്ക് പാക് സൈന്യത്തെ അയയ്ക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാര്‍ ശനിയാഴ്ച പറഞ്ഞു. എന്നാൽ ഹമാസിന്റെ നിരായുധീകരണത്തില്‍ പാക് സൈന്യം പങ്കുചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള സൈനികരെ ഉള്‍ക്കൊള്ളുന്ന ഒരു ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സ്(ഐഎസ്എഫ്) സ്ഥാപിക്കുക എന്നത് അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ഗാസ സമാധാന കരാറിലെ പ്രധാന നിര്‍ദേശമാണ്. ഇത് സംബന്ധിച്ച് വൈകാതെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ചര്‍ച്ചയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാരും സൈന്യവും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഗാസ സമാധാന സേനയ്‌ക്കൊപ്പം ചേരാന്‍ പാകിസ്ഥാന് താത്പര്യമുണ്ടെന്നാണ് ചർച്ചകൾ സൂചന നൽകുന്നതെന്ന് അവര്‍ പറഞ്ഞു.
ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയനുസരിച്ച് യുഎസ് തയ്യാറാക്കിയ ഒരു പ്രമേയം കഴിഞ്ഞയാഴ്ച യുഎന്‍ സുരക്ഷാ സമിതി അംഗീകരിച്ചിരുന്നു. പലസ്തീന്‍ രാജ്യം രൂപീകരിക്കുന്നതിനായി ഐഎസ്എഫിന് ഈ പദ്ധതി പ്രകാരം അധികാരം നല്‍കുന്നു. പാകിസ്ഥാന്‍ ഉള്‍പ്പെടെ 13 യുഎൻ സുരക്ഷാ സമിതി അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം, റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍, ഹമാസ് ഈ പ്രമേയം തള്ളിക്കളയുകയും ഗാസയിലെ പലസ്തീന്‍ പ്രതിരോധ സംഘടനകളെ നിരായുധീകരിക്കുക എന്ന ദൗത്യം ഉള്‍പ്പെടുന്ന ഒരു അന്താരാഷ്ട്ര സേന സ്ഥാപിക്കുന്നതിനെ അപലപിക്കുകയും ചെയ്തു.
ദ്വിരാഷ്ട്ര പരിഹാരം സംബന്ധിച്ച് റിയാദില്‍ നടന്ന യോഗത്തിലാണ് ഹമാസിന്റെ നിരായുധീകരണ വിഷയം ആദ്യം ഉയര്‍ന്നുവന്നതെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു. പാകിസ്ഥാനിൽ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഹമാസിന്റെ നിരായുധീകരണത്തിന് ഞങ്ങള്‍ തയ്യാറല്ല. അത് ഞങ്ങളുടെ ജോലിയല്ല. പലസ്തീന്‍ നിയമ നിര്‍വഹണ ഏജന്‍സികളുടെ ജോലിയാണത്. സമാധാനപാലനമാണ് ഞങ്ങളുടെ ജോലി, മറിച്ച് സമാധാനം നടപ്പിലാക്കുകയല്ല. ഈ സേനയിലേക്ക് സംഭാവന നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഫീല്‍ഡ് മാര്‍ഷലുമായി കൂടിയാലോചിച്ച ശേഷം സൈന്യത്തെ വിടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഇതിനോടകം തന്നെ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഐ.എസ്.എഫിന്റെ നിര്‍ദേശങ്ങളും അതിന്റെ ഉദ്ദേശ്യവും ഘടനയും എന്തായിരിക്കുമെന്ന് തീരുമാനിക്കുന്നത് വരെ ഔദ്യോഗികമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല,” അദ്ദേഹം വ്യക്തമാക്കി.
ദൗത്യത്തില്‍ ഹമാസിനെ നിരായുധീകരിക്കുന്നതും കൂടി ഉള്‍പ്പെടുന്നുണ്ടെങ്കില്‍ തനിക്ക് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇന്തോനേഷ്യയും പദ്ധതിയോട് അനൗപചാരികമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ദാര്‍ കൂട്ടിച്ചേര്‍ത്തു.
New Delhi,Delhi
December 01, 2025 12:44 PM IST

Comments are closed.