Last Updated:
ഇന്ത്യാ വിരുദ്ധ ഭീകര ഗ്രൂപ്പുകളെ അഫ്ഗാനിസ്ഥാനിൽ നിന്ന് നീക്കം ചെയ്തെന്നും താലിബാൻ വിദേശകാര്യ മന്ത്രി
ഇന്ത്യയ്‌ക്കെതിരെ അഫ്ഗാൻ പ്രദേശം ഉപയോഗിക്കാൻ ഒരു ഗ്രൂപ്പിനെയോ വ്യക്തിയെയോ അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാനിൽ ഒരു ഭീകര സംഘടന പോലും പ്രവർത്തിക്കുന്നില്ലെന്നും ഇന്ത്യാ വിരുദ്ധ ഭീകര ഗ്രൂപ്പുകളെ അഫ്ഗാനിസ്ഥാനിൽ നിന്ന് നീക്കം ചെയ്തെന്നും താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി. ന്യൂഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറുമായി നടന്ന ചർച്ചകൾക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്” എന്ന് ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനത്തിനെത്തിയ മുത്താഖി ഒരു പത്രസമ്മേളനത്തിൽ പാകിസ്ഥാന് മുന്നറിയിപ്പും നൽകി. സുരക്ഷ, വികസനം, പ്രാദേശിക സഹകരണം എന്നിവയെക്കുറിച്ച് ഇരു രാജ്യങ്ങളും വിശദമായ ചർച്ചകൾ നടത്തി
കാബൂളിലെ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇസ്ലാമാബാദ് നടത്തിയ അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനുള്ള കർശന മുന്നറിയിപ്പ്.
“അതിർത്തിക്ക് സമീപം വിദൂര പ്രദേശങ്ങളിൽ ആക്രമണം നടന്നിട്ടുണ്ട്. പാകിസ്ഥാന്റെ ഈ പ്രവൃത്തി തെറ്റാണെന്ന് ഞങ്ങൾ കരുതുന്നു. 40 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാന് സമാധാനവും പുരോഗതിയും ഉണ്ടായിട്ടുണ്ട്. അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്. ആരെങ്കിലും ഇത് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ സോവിയറ്റ് യൂണിയനോടും അമേരിക്കയോടും നാറ്റോയോടും ചോദിക്കണം, അഫ്ഗാനിസ്ഥാനുമായി കളിക്കുന്നത് നല്ലതല്ലെന്ന് അവർക്ക് വിശദീകരിക്കാൻ കഴിയും,” മുത്താക്കി പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളുടെ പേരിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യയ്ക്ക് താലിബാനുമായുള്ള ബന്ധം വികസിപ്പിക്കാനുതകുന്നതാണ് ഈ അവസരം. വെള്ളിയാഴ്ച മുത്താക്കി ഹൈദരാബാദ് ഹൗസിൽ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറുമായി ഉന്നതതല യോഗം നടത്തി. കാബൂളിലെ ഇന്ത്യ എംബസി വീണ്ടും തുറക്കുമെന്ന് ജയ്ശങ്കർ പറഞ്ഞു.
വികസന പദ്ധതികൾ തുടരാനും വികസിപ്പിക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തെ മുത്താക്കി സ്വാഗതം ചെയ്തു. ഉഭയകക്ഷി വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കുന്നതിനായി ഒരു സംയുക്ത വ്യാപാര സമിതി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാന്റെ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള പിന്തുണ ജയ്ശങ്കർ ആവർത്തിച്ചു.
2021 ന് ശേഷം ഇന്ത്യയും താലിബാനും തമ്മിലുള്ള ആദ്യത്തെ ഉന്നതതല ഇടപെടലാണ് ഈ കൂടിക്കാഴ്ച. അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിനായി 3 ബില്യൺ ഡോളറിലധികം നിക്ഷേപിച്ച ഇന്ത്യ, മാനുഷിക സഹായം നൽകുകയും വികസന പദ്ധതികൾ നിലനിർത്തുകയും ചെയ്യുന്നത് തുടരുന്നു.
New Delhi,Delhi
October 10, 2025 10:27 PM IST
‘അഫ്ഗാനികളുടെ ധൈര്യം പരീക്ഷിക്കരുത്’: ഇന്ത്യയിൽ നിന്നും പാകിസ്ഥാന് താലിബാൻ മന്ത്രിയുടെ മുന്നറിയിപ്പ്

Comments are closed.