ഗാസ സമാധാന കരാർ ; ഇസ്രായേൽ പിന്മാറിയാൽ 72 മണിക്കൂറിനുള്ളിൽ എല്ലാ ബന്ദികളെയും മോചിപ്പിക്കും|all hostages will be freed from gaza within 72 hours after withdrawal by israel | World


Last Updated:

ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ട്രംപ് പ്രഖ്യാപിച്ച കരാറിന്റെ ലക്ഷ്യം

News18
News18

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലുള്ള ഗാസ സമാധാന കരാറിന്റെ ഭാഗമായി ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരമാകാന്‍ പോകുകയാണ്. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്നും പിന്മാറി 72 മണിക്കൂറിനുള്ളില്‍ ഹമാസ് ബന്ദികളാക്കിയിട്ടുള്ള ഇസ്രായേലികളെയും വിദേശ പൗരന്മാരെയും മോചിപ്പിക്കും.

ആത്യന്തികമായി ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ട്രംപ് പ്രഖ്യാപിച്ച കരാറിന്റെ ലക്ഷ്യം. വ്യവസ്ഥകള്‍ സഖ്യകക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. കരാറിലെ വ്യവസ്ഥകൾ ഇസ്രായേല്‍ വൃത്തങ്ങളും ഹമാസും സ്ഥിരീകരിച്ചു. ഘട്ടംഘട്ടമായാണ് കരാര്‍ നടപ്പാക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് ഗാസയില്‍ നിന്നും ഇസ്രായേല്‍ സൈന്യം പിന്‍വലിയുന്നതും ബന്ദികളുടെ മോചനവും.

രണ്ടാം ഘട്ടത്തില്‍ ഇസ്രായേല്‍ മന്ത്രിസഭ കരാര്‍ അംഗീകരിക്കുന്നതോടെ യുദ്ധം ഉടന്‍ അവസാനിക്കും.

മൂന്നാം ഘട്ടത്തിലെ വ്യവസ്ഥകളില്‍ പറഞ്ഞിരിക്കുന്നത് ഗാസ മുനമ്പിലേക്ക് മാനുഷിക സഹായവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനെ കുറിച്ചാണ്. കരാര്‍ പ്രകാരമുള്ള നാലാമത്തെ ഘട്ടത്തില്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ധാരണപ്രകാരമുള്ള രേഖയിലേക്ക് പിന്‍വാങ്ങും. കരാര്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ച് 24 മണിക്കൂറിനുള്ളില്‍ സൈന്യത്തെ ഇസ്രായേല്‍ തിരിച്ചുവിളിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകും.

കരാര്‍ വ്യവസ്ഥകള്‍ ഹമാസ് പൂര്‍ണ്ണമായും പാലിക്കുന്നിടത്തോളം ഇസ്രായേല്‍ സൈന്യം ഗാസയിലേക്ക് മടങ്ങിവരില്ലെന്ന് കരാര്‍ പറയുന്നു. സൈന്യം ഗാസ വിട്ട് 72 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രായേലി ബന്ദികളെയും ഹമാസ് മോചിപ്പിക്കും. ഇതാണ് അഞ്ചാമത്തെ ഘട്ടം.

അതേസമയം ഹമാസ് ബന്ദികളാക്കിയ മരിച്ചവരുടെ അവശിഷ്ടങ്ങള്‍ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. വീണ്ടെടുക്കാനാവാത്ത മരണപ്പെട്ട ബന്ദികളുടെ വിവരങ്ങള്‍ പങ്കിടുന്നതിനുള്ള ഒരു സംവിധാനം രൂപീകരിക്കണമെന്ന് കരാറില്‍ ഉപവ്യവസ്ഥയായി ഉള്‍കൊള്ളിച്ചിട്ടുണ്ടെന്ന് ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ ബന്ദികളുടെയും അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമായും പുറത്തെടുത്ത് തിരികെ നല്‍കുന്നുണ്ടെന്ന് ഈ സംവിധാനം ഉറപ്പാക്കും. ഈ പ്രതിബദ്ധത നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹമാസ് പരമാവധി ശ്രമിക്കുമെന്നും കരാറിലെ ഉപവകുപ്പില്‍ പറയുന്നു.

ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കുന്നതിനൊപ്പം അതിനനുസൃതമായി ഇസ്രായേലും പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം മധ്യസ്ഥര്‍ മുഖേനയും ഐസിആര്‍സി വഴിയും പൊതുചടങ്ങുകളോ മീഡിയ കവറേജോ ഇല്ലാതെ ഇരുകൂട്ടരും അംഗീകരിച്ച സംവിധാനം വഴിയായിരിക്കും നടക്കുക.

കരാറിന്റെ അവസാന ഘട്ടത്തില്‍ പറഞ്ഞിരിക്കുന്നത് ഒരു കര്‍മ്മ സേന (ടാസ്‌ക് ഫോഴ്‌സ്) രൂപീകരിക്കുന്നതിനെ കുറിച്ചാണ്. യുഎസ്, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, ഇവര്‍ക്കൊപ്പം കരാറില്‍ മധ്യസ്ഥരായ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഈ കര്‍മ്മ സേനയില്‍ ഉണ്ടാകും. സഖ്യകക്ഷികള്‍ കരാര്‍ നടപ്പാക്കുന്നതിലും കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഈ പ്രതിനിധികള്‍ പങ്കാളിത്തം വഹിക്കും.

Comments are closed.