രസതന്ത്ര നൊബേല്‍ പുരസ്‌കാരത്തിന് ഹാരിപോട്ടറുമായി എന്ത് ബന്ധം?|Molecular discovery that won Nobel Prize in chemistry is likened to Harry Potter enchanted handbag | World


സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം യാഗി എന്നിവരുടെ ഈ കണ്ടുപിടിത്തം മനുഷ്യരാശുടെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ചിലത് പരിഹരിക്കുന്നതിന് സഹായിച്ചേക്കാമെന്ന് നോബേല്‍ കമ്മിറ്റി പറഞ്ഞു.

അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്നതിനോ വരണ്ട മരുഭൂമിയിലെ വായുവില്‍ നിന്ന് വെള്ളം വലിച്ചെടുക്കാനോ ഇതിന് കഴിയും. മൂവരും ചേര്‍ന്ന് കണ്ടെത്തിയ തന്മാത്രാ വാസ്തുവിദ്യയ്ക്ക് സ്ഥിരതയുള്ള എംഒഎഫുകൾക്ക് വാതകങ്ങള്‍ ആഗിരണം ചെയ്യാനും ഉള്‍ക്കൊള്ളാനും കഴിയും.

ഈ ചട്ടക്കൂടുകളെ ഒരു വീടിന്റെ തടിയില്‍ നിര്‍മിച്ച ചട്ടക്കൂടിനോടും ഹാരിപോട്ടറിലെ ഹെര്‍മിയോണിന്റെ പ്രശസ്തമായ മുത്തുകൊണ്ട് നിര്‍മിച്ച ഹാന്‍ഡ് ബാഗിനോടും താരതമ്യപ്പെടുത്താന്‍ കഴിയുമെന്ന് രസതന്ത്രത്തിനുള്ള നോബേല്‍ കമ്മിറ്റിയിലെ അംഗമായ ഒലോഫ് റാംസ്‌ട്രോം പറഞ്ഞു. കാരണം, പുറത്ത് നിന്ന് നോക്കുമ്പോള്‍ അത് വളരെ ചെറുതായി തോന്നുമെങ്കിലും അവയുടെ അകം വളരെ വലുതാണ്.

നോബേല്‍ പുരസ്‌കാരം ലഭിച്ച മൂന്ന് പേരും വെവ്വേറെയാണ് തങ്ങളുടെ ഗവേഷണങ്ങള്‍ നടത്തിയത്. എന്നാല്‍ കണ്ടുപിടിത്തങ്ങളുമായി മുന്നേറുന്നതിനിടെ മൂവരും പരസ്പരം കൂട്ടിച്ചേർക്കപ്പെട്ടു. ചില രാസപ്രവര്‍ത്തനങ്ങളുടെ അവശിഷ്ടങ്ങളായാണ് എംഒഎഫിനെ ആദ്യം കണ്ടെത്തിയത്. ഒമര്‍ യാഗി ഇവയുടെ സവിശേഷതകള്‍ തിരിച്ചറിഞ്ഞു. എംഒഎഫ് പദാര്‍ത്ഥങ്ങളില്‍ നാനോ വലുപ്പമുള്ള അറകളുണ്ടാക്കി ഗവേഷണം നടത്തുകയാണ് കിറ്റഗാവ ചെയ്തത്. റോബ്‌സണ്‍ എംഒഎഫിനെ പലരീതിയില്‍ പ്രയോജനപ്പെടുത്താനുള്ള സാധ്യതള്‍ പരിശോധിച്ചു.

‘ഫോറെവര്‍ കെമിക്കല്‍സ്’ (Forever chemicals) എന്ന് വിളിക്കപ്പെടുന്ന രാസവസ്തുക്കളെ വെള്ളത്തില്‍ നിന്ന് വേര്‍തിരിക്കുന്നതിന് ഈ എംഒഎഫുകൾ ഉപയോഗപ്പെടുത്താനുള്ള സാധ്യത നോബേല്‍ കമ്മിറ്റി എടുത്തു പറഞ്ഞു. പെര്‍ഫ്‌ളൂറോആല്‍ക്കൈല്‍, പോളിഫ്‌ളൂറോആല്‍ക്കൈല്‍ വസ്തുക്കള്‍, അല്ലെങ്കില്‍ പിഎഫ്എസ് എന്നിവ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതും ഇപ്പോള്‍ വായുവിലേക്കും വെള്ളത്തിലേക്കും മണ്ണിലേക്കും വ്യാപിച്ച നിലയില്‍ കണ്ടെത്തിയതുമായ രാസവസ്തുക്കളാണ്. അവ ‘ഫോറെവര്‍ കെമിക്കല്‍സ്’ എന്നറിയപ്പെടുന്നു.

88-കാരനായ റോബ്‌സണ്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാണ് ഗവേഷണങ്ങള്‍ നടത്തുന്നത്. 74-കാരനായ കിറ്റഗാവയാകട്ടെ ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയിലും 60-കാരനായ യാഗി ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലുമാണ് പ്രവര്‍ത്തിക്കുന്നത്.

നോബേല്‍ പുരസ്‌കാരം ലഭിച്ചതിന് ശേഷം കിറ്റഗാവ നോബേല്‍ കമ്മിറ്റിയുമായും മാധ്യമങ്ങളുമായും ഫോണില്‍ സംസാരിച്ചു. ”എന്റെ ദീര്‍ഘകാലമായി തുടരുന്ന ഗവേഷണത്തിന് അംഗീകാരം ലഭിച്ചതില്‍ എനിക്ക് അതിയായ ബഹുമാനവും സന്തോഷവുമുണ്ട്”, അദ്ദേഹം പറഞ്ഞു.

നോബേല്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷവനാണെന്നും പുരസ്‌കാര ലഭിച്ചതറിഞ്ഞ് താന്‍ അല്‍പസമയം സ്തബ്ധനായി പോയെന്നും 88കാരനായ റോബ്‌സണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

വ്യാഴാഴ്ച സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം അടുത്ത തിങ്കളാഴ്ചയും പ്രഖ്യാപിക്കും. നോബേല്‍ പുരസ്‌കാരങ്ങള്‍ സ്ഥാപിച്ച ആല്‍ഫ്രഡ് നോബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10നാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.

Comments are closed.