വിഭജനത്തിനുശേഷം ആദ്യമായി പാകിസ്ഥാനിൽ സംസ്‌കൃത പഠനം പുനരാരംഭിച്ചു Sanskrit studies resumed in Pakistan for the first time since partition | World


Last Updated:

തുടക്കത്തിൽ ഒരു വർക്ക്‌ഷോപ്പായി നൽകിരുന്ന ക്ളാസുകൾ ഇപ്പോൾ നാല് ക്രെഡിറ്റ് കോഴ്‌സായി വികസിപ്പിച്ചിരിക്കുകയാണ്

News18
News18

1947-ലെ ഇന്ത്യാ വിഭജനത്തിനുശേഷം ആദ്യമായി സംസ്‌കൃത പഠനം പുനരാരംഭിച്ച് പാകിസ്ഥാനിലെ ഒരു സർവകലാശാല. വിദ്യാർത്ഥികളുടെ താൽപ്പര്യം പരിഗണിച്ചാണ് ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ് (LUMS) സംസ്കൃതം പഠിപ്പിക്കാനൊരുങ്ങുന്നത്.പ്രൊഫസർമാരായ ഡോ.അലി ഉസ്മാൻ ഖാസ്മി,ഡോ. ​​ഷാഹിദ് റഷീദ് എന്നിവരാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. തുടക്കത്തിൽ ഒരു വർക്ക്‌ഷോപ്പായി നൽകിയിരുന്നത് ഇപ്പോൾ നാല് ക്രെഡിറ്റ് കോഴ്‌സായി വികസിപ്പിച്ചിരിക്കുകയാണ്.

പാക്കിസ്ഥാൻ-ഇന്ത്യൻ ആഗോള പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ് സംസ്‌കൃതം എന്നും പുരാതന ഗ്രന്ഥങ്ങളുടെ വായനയ്ക്ക് അത്യന്താപേക്ഷിതമാണെന്നും പറഞ്ഞ അക്കാദമിക് വിദഗ്ധരും ക്ലാസിക്കൽ ഭാഷകളെ സാംസ്കാരിക പാലങ്ങളായി പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. പഞ്ചാബ് യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന സമ്പന്നവും എന്നാൽ അവഗണിക്കപ്പെട്ടതുമായ സംസ്‌കൃത ശേഖരത്തെക്കുറിച്ച് പഠിക്കാൻ പ്രാദേശിക പണ്ഡിതന്മാരെ പരിശീലിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയ കൃതികളെക്കുറിച്ചുള്ള ഭാവി കോഴ്‌സുകൾക്ക് പ്രചോദനം നൽകുമെന്നും അവർ പറഞ്ഞു .

മഹാഭാരതത്തിലും ഗീതയിലും കോഴ്‌സുകൾ നൽകാനും ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ് പദ്ധതിയിടുന്നുണ്ട് . 10-15 വർഷത്തിനുള്ളിൽ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഗീത- മഹാഭാരത പണ്ഡിതന്‍മാരെ കാണാനാകുമെന്ന് സർവകലാശാലയിലെ ഗുർമാനി സെന്ററിന്റെ ഡയറക്ടറായ ഡോ. അലി ഉസ്മാൻ ഖാസിമി ദി ട്രിബ്യൂണിനോട് പറഞ്ഞു. മൂന്ന് മാസത്തെ വാരാന്ത്യ വർക്ക്‌ഷോപ്പായിട്ടാണ് പഠനം ആരംഭിച്ചതെന്നും മികച്ച പ്രതികരണത്തിന് ശേഷം ക്രമേണ നാല് ക്രെഡിറ്റ് യൂണിവേഴ്‌സിറ്റി കോഴ്‌സായി പരിമണമിക്കുകയായിരുന്നു എന്നും ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.വിദ്യാർത്ഥികൾ, ഗവേഷകർ, അഭിഭാഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരുൾപ്പെടെ എല്ലാവർക്കും വാരാന്ത്യ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാമെന്ന് ഖാസിമി ദി ട്രിബ്യൂണിനോട് പറഞ്ഞു.പാകിസ്ഥാനിലെ സാഹിത്യം, കവിത, കല, തത്ത്വചിന്ത എന്നിവയില്‍ ഭൂരിഭാഗവും വേദയുഗം മുതലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ ഖാസ്മി, ക്ലാസിക്കൽ ഗ്രന്ഥങ്ങൾ അവയുടെ യഥാർത്ഥ ഭാഷയിൽ വായിക്കുന്നത് കൂടുതൽ പ്രയോജനകരമാണെന്നും പറഞ്ഞു.സിന്ധി, പാഷ്തോ, പഞ്ചാബി, ബലൂചി, അറബിക്, പേർഷ്യൻ തുടങ്ങിയ ഭാഷകൾ സർവകലാശാലയിൽ പഠിപ്പിക്കുന്നുണ്ട്.

ഫോർമാൻ ക്രിസ്ത്യൻ കോളേജിലെ സോഷ്യോളജി അസോസിയേറ്റ് പ്രൊഫസറായ ഡോ. ഷാഹിദ് റഷീദാണ് ഈ പദ്ധതിയുടെ മറ്റൊരു നെടുംതൂൺ.അറബിക്, പേർഷ്യൻ തുടങ്ങിയ ക്ലാസിക്കൽ ഭാഷകൾ പഠിച്ചിട്ടുള്ള റഷീദ്, LUMS-ൽ സംസ്‌കൃത കോഴ്‌സ് പഠിപ്പിക്കുകയാണ്. പഠിപ്പിക്കാൻ തുടങ്ങുന്നതിനു വളരെ മുമ്പുതന്നെ ഭാഷയോടുള്ള താൽപര്യം ആരംഭിച്ചിരുന്നുവെന്നും പ്രാദേശിക അധ്യാപകരുടെയോ പാഠപുസ്തകങ്ങളുടെയോ അഭാവം മൂലം കേംബ്രിഡ്ജ് സംസ്‌കൃത പണ്ഡിതനായ അന്റോണിയ റുപ്പലിന്റെയും ഓസ്‌ട്രേലിയൻ ഇൻഡോളജിസ്റ്റ് മക്കോമസ് ടെയ്‌ലറുടെയും കീഴിൽ ഓൺലൈനായി പഠിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

ക്ലാസിക്കൽ ഭാഷകൾ മനുഷ്യരാശിക്ക് വളരെയധികം ജ്ഞാനം പ്രദാനം ചെയ്യുന്നുവെന്നും ആധുനിക ഭാഷകൾ ക്ലാസിക്കൽ പാരമ്പര്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും ഡോ. ഷാഹിദ് റഷീദ് പറഞ്ഞു

“എന്തിനാണ് സംസ്കൃതം പഠിക്കുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു. ഞാൻ അവരോട് പറയും, നമ്മൾ എന്തുകൊണ്ട് സംസ്കൃതം പഠിച്ചുകൂടാ? മുഴുവൻ പ്രദേശത്തിന്റെയും ബന്ധിത ഭാഷയാണിത്. സംസ്കൃത വ്യാകരണജ്ഞൻ പാണിനിയുടെ ഗ്രാമം ഈ പ്രദേശത്തായിരുന്നു. സിന്ധുനദീതട നാഗരികതയുടെ കാലത്ത് ഇവിടെ ധാരാളം എഴുത്തുകൾ നടന്നിരുന്നു. സംസ്കൃതം ഒരു പർവ്വതം പോലെയാണ് – ഒരു സാംസ്കാരിക സ്മാരകം. നമുക്ക് അത് സ്വന്തമാക്കേണ്ടതുണ്ട്. അത് നമ്മുടേതുമാണ്; അത് ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ടിട്ടില്ല,” അദ്ദേഹം പറഞ്ഞു.

ആത്യന്തികമായി, പ്രാദേശിക ധാരണ വളർത്തിയെടുക്കുകയും പുരാതന പാരമ്പര്യങ്ങളുമായി വീണ്ടും ബന്ധപ്പെടുകയും ചെയ്യുക എന്നതാണ് സംസ്കൃത പഠനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ കൂടുതൽ മുസ്ലീങ്ങൾ സംസ്കൃതം സ്വീകരിക്കുകയും ഇന്ത്യയിലെ കൂടുതൽ ഹിന്ദുക്കളും സിഖുകാരും അറബി പഠിക്കാൻ തുടങ്ങുകയും ചെയ്താൽ, അത് ദക്ഷിണേഷ്യയ്ക്ക് പുതിയതും പ്രതീക്ഷ നൽകുന്നതുമായ ഒരു തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.