Last Updated:
ബോണ്ടി ബീച്ചിൽ നടന്ന ‘ചാനുക്ക ബൈ ദി സീ’ എന്നറിയപ്പെടുന്ന യഹൂദരുടെ ഒരു ആഘോഷ പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്
സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂതർക്ക് നേരെ വെടിയുതിർക്കുകയും 15 പേരെ കൊല്ലുകയും ചെയ്ത സാജിദ് അക്രവും മകൻ നവീദും ഇസ്ലാമിക് സ്റ്റേറ്റ് ആശയഗതിയാൽ പ്രേരിതരായിരുന്നു എന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി. ബോണ്ടി ബീച്ചിൽ നടന്ന ‘ചാനുക്ക ബൈ ദി സീ’ എന്നറിയപ്പെടുന്ന യഹൂദരുടെ ഒരു ആഘോഷ പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഓസ്ട്രേലിയയിൽ നടന്ന ഏറ്റവും മാരകമായ കൂട്ട വെടിവെപ്പുകളിൽ ഒന്നാണ് ബോണ്ടി ബീച്ച് ആക്രമണം. ആക്രമണത്തിന് പിന്നലെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പരിമിതമായ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ഭയം പരത്തുക എന്ന ഉദ്ദേശത്തോടെയാണ് അക്രമികൾ ജൂത സമൂഹത്തെ ലക്ഷ്യമിട്ടതെന്നാണ് അധികൃതർ പറയുന്നത്.
ചൊവ്വാഴ്ച ഒരു അഭിമുഖത്തിൽ സംസാരിക്കവേയാണ് ആക്രമികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആന്റണി ആൽബനീസ് വ്യക്തമാക്കിയത്. ഇസ്ലാമിക് സ്റ്റേറ്റ് ആശയഗതിയാൽ പ്രേരിതമായ ഒരു ആക്രമണം ആയിരിക്കാം നടന്നിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആക്രമികളായ അച്ഛനും മകനും ഇസ്ലാമിക് സ്റ്റേറ്റ് അനുയായികൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഐ എസ് ഐ എസ് ശക്തിപ്രാപിച്ചതോടെ, ലോകം തീവ്രവാദത്തെയും അവരുടെ വിദ്വേഷകരമായ ആശയഗതിയെയും നേരിടാൻ പ്രയാസപ്പെടുകയാണന്നും ആൽബനീസ് എബിസി ന്യൂസിനോട് സംസാരിക്കവേ കൂട്ടിച്ചേർത്തു.
ആക്രമണം തടയാൻ കഴിയാതെ പോയതിനെച്ചൊല്ലി ഓസ്ട്രേലിയൻ നിയമ നിർവ്വഹണ ഏജൻസികൾ ഇപ്പോൾ ചോദ്യങ്ങൾ നേരിടുകയാണ്. ‘സിഡ്നി മോണിംഗ് ഹെറാൾഡി’ന്റെ റിപ്പോർട്ട് അനുസരിച്ച്, വെടിവെപ്പിന് ഏതാനും ആഴ്ചകൾക്ക് മുൻപ് അക്രമികളായ സാജിദ് അക്രവും മകൻ നവീദും ഫിലിപ്പീൻസ് സന്ദർശിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട രീതികൾ ഇവർ പിന്തുടർന്നിരിക്കാനുള്ള സാധ്യത ഈ യാത്ര ഉയർത്തുന്നുണ്ടെന്നാണ് നിരവധി പോലീസ് സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള ‘സിഡ്നി മോണിംഗ് ഹെറാൾഡി’ന്റെ റിപ്പോർട്ടിൽ പറയുന്നത്. ഈ സന്ദർശനം നവംബറിലായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു ഇഷ്ടികപ്പണിക്കാരൻ ആയി അറിയപ്പെട്ടിരുന്ന നവീദ് അക്രം 2019-ൽ ഓസ്ട്രേലിയയുടെ രഹസ്യാന്വേഷണ ഏജൻസിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ അന്ന് അയാൾ ഇത്ര അപകടകാരിയിയിരിക്കുമെന്ന് കണക്കായിരുന്നില്ലന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. നവീദ് അക്രത്തെയും അയാളുടെ കുടുംബാംഗങ്ങളെയും അന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു, പക്ഷെ സംശയാസ്പദമായ വിവരങ്ങളൊന്നും ഒന്നും അന്ന് കണ്ടെത്താൻകഴിഞ്ഞില്ലന്നും ആൽബനീസ് കൂട്ടിച്ചേർത്തു.
ആക്രമണം നടന്ന ദിവസം, നവീദ് തന്റെ അമ്മയോട് നഗരത്തിന് പുറത്ത് മീൻ പിടിയ്ക്കാൻ പോവുകയാണന്ന് പറഞ്ഞിരുന്നു. എന്നാൽ, അധികൃതർ കരുതുന്നത്, അയാൾ പിതാവിനൊപ്പം ഒരു വാടക അപ്പാർട്ട്മെന്റിൽ ഒളിവിൽ താമസിക്കുകയായിരുന്നു എന്നും ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു എന്നുമാണ്. നീണ്ട ബാരലുള്ള തോക്കുകളുമായി അവർ 10 മിനിറ്റോളം ബീച്ചിലേക്ക് വെടിയുതിർത്തു. തുടർന്ന് പോലീസ് 50 വയസ്സുകാരനായ സാജിദിനെ വെടിവെച്ച് കൊന്നു. 24 വയസ്സുള്ള നവീദ്, പോലീസ് കാവലിൽ ഇപ്പോൾ ആശുപത്രിയിൽ കോമയിൽ തുടരുകയാണ്.
ബോണ്ടി ബീച്ചിൽ നിന്നും കണ്ടെത്തിയ അവരുടെ കാറിൽ നിന്ന് ഒരു ഇസ്ലാമിക് സ്റ്റേറ്റ് പതാകയും സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു. തീവ്രവാദ ഗ്രൂപ്പിന്റെ ഒരു ശാഖയായ ‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഈസ്റ്റ് ഏഷ്യ’യെ (ISEA) ഓസ്ട്രേലിയ 2017-ൽ തന്നെ ഒരു തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിരുന്നു.
ആക്രമികളിൽ ഒരാളെ നിരായുധനാക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയ 43-കാരനായ അഹമ്മദ് അൽ-അഹമ്മദുമായി ആൽബനീസ് കൂടിക്കാഴ്ച നടത്തി. “നമ്മുടെ രാജ്യത്തിന്റെ ഏറ്റവും മികച്ചവൻ” എന്നാണ് ആൽബനീസ് അദ്ദേഹത്തെ പ്രശംസിച്ചത്. ബീച്ചിന് സമീപം പഴക്കട നടത്തുന്ന സിറിയൻ കുടിയേറ്റക്കാരനാണ് അൽ-അഹമ്മദ്. അദ്ദേഹം അക്രമികളിൽ ഒരാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയും ആ ഏറ്റുമുട്ടലിനിടെ അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിഡ്നിയിലെ സെന്റ് ജോർജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ.
ഓസ്ട്രേലിയയുടെ ഗവർണർ-ജനറൽ സാം മോസ്റ്റിനും ആശുപത്രിയിലെത്തി അൽ-അഹമ്മദിനെ സന്ദർശിച്ചു. ബ്രിട്ടീഷ് രാജാവിനും പൊതുജനങ്ങൾക്കും വേണ്ടി നന്ദിസൂചകമായി, കിംഗ് ചാൾസ് III, അൽ-അഹമ്മദിനെക്കുറിച്ച് പ്രത്യേകം അന്വേഷിക്കുകയും പൂക്കൾ അയക്കുകയും ചെയ്തു എന്നും മോസ്റ്റിൻ പറഞ്ഞു.
New Delhi,New Delhi,Delhi
December 16, 2025 11:51 AM IST
ഓസ്ട്രേലിയ ബീച്ച് ആക്രമണം; അക്രമികളായ അച്ഛനും മകനും ഇസ്ലാമിക് സ്റ്റേറ്റ് അനുയായികളെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

Comments are closed.