വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വിഘടിപ്പിക്കുമെന്ന പരാമര്‍ശത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ പ്രതിഷേധമറിയിച്ചു | India registered dissent to Bangladesh over Seven Sisters remark | World


ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ ഡിസംബർ 17 ന് വിളിച്ചു വരുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശിലെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ശക്തമായ ആശങ്കകൾ അദ്ദേഹത്തെ അറിയിച്ചു. ധാക്കയിലെ ഇന്ത്യൻ നയതന്ത്രമിഷന് നേരെയുള്ള  ചില തീവ്രവാദഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

വിഘടനവാദ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയോട് ശത്രുത പുലര്‍ത്തുന്ന ശക്തികള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കുമെന്നും  ഏഴ് സഹോദരിമാര്‍ എന്നറിയപ്പെടുന്ന അരുണാചല്‍പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗലന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളെ വേര്‍പ്പെടുത്താന്‍ സഹായിക്കുമെന്നും അബ്ദുള്ള തിങ്കളാഴ്ചയാണ്  മുന്നറിയിപ്പ് നല്‍കിയത്.

ധാക്കയിലെ സെന്‍ട്രല്‍ ഷഹീദ് മിനാറില്‍ നടന്ന ഒരു സമ്മേളനത്തിലാണ് അബ്ദുള്ള ഇന്ത്യക്കെതിരെ സംസാരിച്ചത്.  “ഞങ്ങള്‍ വിഘടനവാദികള്‍ക്കും ഇന്ത്യാവിരുദ്ധ ശക്തികള്‍ക്കും അഭയം നല്‍കും. തുടര്‍ന്ന് ഏഴ് സഹോദരിമാരെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തും”, ഇതായിരുന്നു അബ്ദുള്ളയുടെ പ്രസംഗത്തിലെ വാചകം. സദസ് ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്.

ബംഗ്ലാദേശിന്റെ പരമാധികാരം, സാധ്യതകള്‍, വോട്ടവകാശം, മനുഷ്യാവകാശങ്ങള്‍ എന്നിവയെ ബഹുമാനിക്കാത്ത ശക്തികള്‍ക്ക് അഭയം നല്‍കിയാല്‍ ബംഗ്ലാദേശ് പ്രതികരിക്കുമെന്ന് ഇന്ത്യയോട് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായും അബ്ദുള്ള പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 54 വര്‍ഷത്തിനുശേഷവും രാജ്യത്തിനുമേല്‍ നിയന്ത്രണം ചെലുത്താന്‍ ശ്രമിക്കുന്ന കഴുകന്മാരുടെ ശ്രമങ്ങളെ ബംഗ്ലാദേശ് തുടര്‍ന്നും നേരിടുമെന്നും ഇന്ത്യയെ നേരിട്ട് പരാമര്‍ശിക്കാതെ അബ്ദുള്ള അഭിപ്രായപ്പെട്ടു.

അബ്ദുള്ളയുടെ പ്രസ്താവനകള്‍ നിരുത്തരവാദപരവും അപകടകരവുമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ കര്‍മ്മ പറഞ്ഞു. ഇന്ത്യ വളരെ വലിയ രാജ്യമാണെന്നും ഒരു ആണവ രാഷ്ട്രമാണെന്നും ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തികശക്തിയുമായ ഇന്ത്യയെ കുറിച്ച്  ബംഗ്ലാദേശിന് എങ്ങനെയാണ് ചിന്തിക്കാൻ കഴിയുന്നതെന്നും അസം മുഖ്യമന്ത്രി ചോദിച്ചു.

വടക്കുകിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദികളും വിഘടനവാദികളും ബംഗ്ലാദേശിനെ ഒരു സങ്കേതമായും ഗതാഗത മാര്‍ഗ്ഗമായും ലോജിസ്റ്റിക്‌സ് താവളമായും ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്നു. 1990കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും അസമില്‍ നിന്നും ത്രിപുരയില്‍ നിന്നുമുള്ള നിരവധി വിമത സംഘടനകള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് ക്യാമ്പുകളും സുരക്ഷിത കേന്ദ്രങ്ങളും വ്യാപിപ്പിച്ചു.

ഇന്ത്യയുമായി ബന്ധമുള്ള  തീവ്ര ഇസ്ലാമിക ഗ്രൂപ്പുകള്‍ക്കും ബംഗ്ലാദേശ് അഭയം നല്‍കുന്നുണ്ടായിരുന്നു. ഹര്‍ക്കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി (ഹുജി), ജമാഅത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) തുടങ്ങിയ ഗ്രൂപ്പുകള്‍ ഇന്ത്യയെ ബാധിക്കുന്ന തീവ്രവാദ, ലോജിസ്റ്റിക്‌സ് ശൃംഖലകള്‍ക്ക് സൗകര്യമൊരുക്കുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ ബംഗ്ലാദേശ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ബംഗ്ലായുടെ ഇടക്കാല ഭരണകൂടം ആരോപിച്ചിരുന്നു.എന്നാൽ  ഇത് ഇന്ത്യ നിഷേധിച്ചു.പിന്നാലെയാണ് ഹസ്‌നത്ത് അബ്ദുള്ള വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ബംഗ്ലാദേശ് ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശം ഒരിക്കലും ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി വക്താവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ വധശ്രമത്തിനു പിന്നില്‍ ഇന്ത്യയും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗും ഉള്‍പ്പെട്ടിരിക്കാമെന്ന് പാർട്ടി കണ്‍വീനര്‍ നഹീദ് ഇസ്ലാം തെളിവില്ലാതെ ആരോപണം ഉന്നയിച്ചിരുന്നു.

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് പ്രകോപനപരമായ പ്രസ്താവന നടത്താന്‍ അനുവദിച്ചതിലുള്ള ആശങ്ക അറിയിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുമാണ് ഇന്ത്യയില്‍ നിന്ന് അവാമി ലീഗ് ശ്രമിക്കുന്നതെന്നും ബംഗ്ലാദേശ് ആരോപിച്ചു. ഹാദിയുടെ വധശ്രമത്തിന് പിന്നിലെ പ്രതികള്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നിട്ടുണ്ടെങ്കില്‍ അവരെ കൈമാറണമെന്നും ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/World/

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വിഘടിപ്പിക്കുമെന്ന പരാമര്‍ശത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ പ്രതിഷേധമറിയിച്ചു

Comments are closed.