Last Updated:
കേസില്‍ പിതാവിന്റെ പേര് വഴിച്ചിഴയ്ക്കരുതെന്നും മിര്‍സ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്
വിവാഹ ജീവിതത്തില്‍ താന്‍ നേരിട്ട ക്രൂരമായ പീഡനങ്ങളില്‍ നിന്നും നീതി ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കപ്രസിദ്ധ അധോലോക നായകനായിരുന്ന ഹാജി മസ്താന്റെ മകള്‍ ഹസീന്‍ മസ്താന്‍ മിര്‍സ. ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്നും സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള അയാളുടെ ശ്രമത്തില്‍ നിന്നും തനിക്ക് നീതി ഉറപ്പാക്കണമെന്ന് മിര്‍സ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന ദുരനുഭവങ്ങള്‍ അവര്‍ വെളിപ്പെടുത്തിയത്.
1996-ല്‍ തന്റെ സമ്മതമില്ലാതെ ബലാല്‍ക്കാരമായാണ് വിവാഹം നടന്നതെന്നും മിര്‍സ പറയുന്നുണ്ട്. അമ്മാവന്റെ മകനാണ് അവരെ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹശേഷം അയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയും ശാരീരികമായി പീഡിപ്പിക്കുകയും സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ഹസീന്‍ മസ്താന്‍ മിര്‍സ ആരോപിക്കുന്നു. തന്നെ വിവാഹം കഴിക്കുന്നതിനു മുമ്പ് അയാള്‍ക്ക് എട്ട് ഭാര്യമാരുണ്ടായിരുന്നുവെന്നും ഐഡന്റിറ്റി മറച്ചുവെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും അവര്‍ ആരോപിച്ചു.
വിവാഹം കഴിയുന്ന സമയത്ത് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ലെന്നും യുവതി വ്യക്തമാക്കി. വിവാഹം കഴിപ്പിച്ചത് ബലം പ്രയോഗത്തിലൂടെയും സമ്മര്‍ദ്ദം ചെലുത്തിയുമാണെന്നും കടുത്ത മാനസി ശാരീരിക സംഘര്‍ഷത്തിലൂടെ കടന്നുപോയതായും മൂന്ന് തവണ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ തുറന്നു പറഞ്ഞു. അമ്മയടക്കം ഇഷ്ടമില്ലാത്ത വിവാഹത്തിന് നിര്‍ബന്ധിച്ചതായും അവര്‍ വെളിപ്പെടുത്തി.
“തനിക്ക് നീതി വാങ്ങിത്തരാന്‍ ഞാന്‍ മോദി ജിയോടും അമിത് ഷായോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബലാത്സംഗം, കൊലപാതക ശ്രമം അങ്ങനെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊരു ശൈശവ വിവാഹം ആയിരുന്നു. എന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു. ഐഡന്റിറ്റി ഒളിച്ചുവച്ചു. നിയമം ശക്തമാണെങ്കില്‍ ആളുകള്‍ കുറ്റം ചെയ്യാന്‍ ഭയപ്പെടും”, ഹസീന്‍ മസ്താന്‍ മിര്‍സ എഎന്‍ഐയോട് പറഞ്ഞു.
കഴിഞ്ഞയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് മിര്‍സ മോദിയോടും അമിത് ഷായോടും നീതിക്കായി സഹായം തേടിയത്. പിന്നീട് മാധ്യമങ്ങളേടും ഇക്കാര്യം ആവര്‍ത്തിച്ചു. നീതിക്കായുള്ള തന്റെ യാതനകളെ കുറിച്ച് അവര്‍ അതില്‍ വിവരിക്കുന്നുണ്ട്. വര്‍ഷങ്ങളായി തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ കാലത്ത് താന്‍ നേരിട്ട യാതനകളെ കുറിച്ചും മിര്‍സ സംസാരിച്ചു. അന്ന് വീട്ടില്‍ നിന്ന് ഒറ്റപ്പെട്ടതായും ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. വീട്ടില്‍ താന്‍ പുറത്താക്കപ്പെട്ടതായും അവര്‍ പറഞ്ഞു. ഹാജി മസ്താന്റെ മരണ വിവരം പോലും രണ്ട് വര്‍ഷത്തിനു ശേഷമാണ് അറിഞ്ഞതെന്നും അവര്‍ വെളിപ്പെടുത്തി.
രാജ്യത്ത് മുത്തലാഖ് നിയമം കൊണ്ടുവന്നതിന് പ്രധാനമന്ത്രിയെ അവര്‍ പ്രശംസിക്കുകയും ചെയ്തു. ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് ഉടനടി നീതി ഉറപ്പാക്കാന്‍ ശക്തമായ നിയമങ്ങള്‍ ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. മതപരമായ നിയമം ഇസ്ലാമില്‍ ദുരുപയോഗം ചെയ്യപ്പെട്ടിരുന്നുവെന്നും അവര്‍ വിശദമാക്കി.
മുത്തലാഖ് നിയമം വളരെ നല്ലതാണ്. സ്ത്രീകളുടെ അനുഗ്രഹം നിയമം പാസാക്കിയ മോദി ജിക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം അവര്‍ക്ക് ആശ്വാസമേകിയതായും മിര്‍സ അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ പിന്തുണയും സംരക്ഷണവും ആവശ്യപ്പെട്ട് മിര്‍സ രംഗത്തെത്തിയതോടെ കേസ് ശ്രദ്ധ നേടുകയാണ്. മുംബൈ അധോലോകത്തെ ഒരു കുപ്രസിദ്ധ കുറ്റവാളിയായിരുന്നു ഹാജി മസ്താന്‍. 1994-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. കേസില്‍ പിതാവിന്റെ പേര് വഴിച്ചിഴയ്ക്കരുതെന്നും മിര്‍സ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ഇതെല്ലാം നടന്നതെന്നും ഇത് തന്റെ സ്വകാര്യ കാര്യമാണെന്നും അവര്‍ വ്യക്തമാക്കി.
ബലമായി വിവാഹം കഴിപ്പിച്ചു; ബലാത്സംഗം ചെയ്യപ്പെട്ടു; നീതി വേണം; പ്രധാനമന്ത്രിയോടും അമിത് ഷായോടും ഹാജി മസ്താന്റെ മകള്‍

Comments are closed.