Last Updated:
‘സ്ത്രീകളുടെ സംരക്ഷണവും കെമിക്കൽ ഗർഭഛിദ്ര മരുന്നുകളുടെ അപകടങ്ങളും’ എന്ന വിഷയത്തിൽ നടന്ന ഹിയറിംഗിലാണ് ഇന്തോ-അമേരിക്കൻ ഗൈനക്കോളജിസ്റ്റിന്റെ വായടപ്പിച്ച ചോദ്യം യുഎസ് സെനറ്റർ ഉന്നയിച്ചത്
‘സ്ത്രീകളുടെ സംരക്ഷണവും കെമിക്കൽ ഗർഭഛിദ്ര മരുന്നുകളുടെ അപകടങ്ങളും’ എന്ന വിഷയത്തിൽ യുഎസിലെ ഡീർക്‌സെൻ സെനറ്റ് ഓഫീസ് കെട്ടിടത്തിൽ നടന്ന ഹെൽപ്പ് കമ്മിറ്റി ഹിയറിംഗിൽ ഇന്തോ-അമേരിക്കൻ ഗൈനക്കോളജിസ്റ്റിന്റെ വായടപ്പിച്ച് യുഎസ് സെനറ്റർ. ഹിയറിംഗിനിടെ റിപ്പബ്ലിക്കൻ സെനറ്റർ ആഷ്‌ലി മൂഡി ചോദിച്ച ഒരു ചോദ്യമാണ് ഒബ്‌സ്റ്റട്രിക്‌സ്-ഗൈനക്കോളജി ഡോക്ടറായ ഇന്തോ-അമേരിക്കൻ നിഷ വർമ്മയെ കുഴക്കിയത്.
പ്രത്യത്പാദന ആരോഗ്യ രംഗത്തെ സീനിയർ ഉപദേഷ്ടാവായ നിഷ വർമ്മയെ സെനറ്റ് കമ്മിറ്റി ഹിയറിംഗിനായി വിളിപ്പിക്കുകയായിരുന്നു. ഹിയറിംഗിൽ ഗർഭചിദ്രത്തിനായി ഉപയോഗിക്കുന്ന കെമിക്കൽ മരുന്നുകളുടെ നിയന്ത്രണങ്ങൾക്കെതിരെ അവർ സംസാരിച്ചു. മെഡിക്കേഷൻ അബോർഷനെ കുറിച്ച് വലിയ പഠനങ്ങൾ നടത്തുകയും ഇത്തരം മരുന്നുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പഠനങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ടെന്നും നിഷ വർമ്മ സെനറ്റ് അംഗങ്ങളോട് പറഞ്ഞു.
എന്നാൽ, റിപ്പബ്ലിക്കൻ യുഎസ് സെനറ്റർ ജോഷ് ഹാവ്‌ലി സംസാരിക്കുന്നതിന് മുമ്പ് ആഷ്‌ലി മൂഡി വിഷയം ഏറ്റെടുത്തു. ശേഷം നിഷ വർമ്മയോടായി മൂഡിയുടെ ഒരു ചോദ്യം, “പുരുഷന്മാർക്ക് ഗർഭംധരിക്കാൻ കഴിയുമോ?”, മൂഡി ആ ചോദ്യം വീണ്ടും ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. എന്നാൽ ഡോ. വർമ്മയ്ക്ക് ഉത്തരം മുട്ടി.
പുരുഷന്മാർക്ക് കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ല എന്നത് ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള വിഷയമാണെന്ന് കമ്മിറ്റി അധ്യക്ഷനായിരുന്ന സെനറ്റർ ബിൽ കാസിഡി പറഞ്ഞു. ശേഷം ജോഷ് ഹാവ്‌ലിയും ഇതേ ചോദ്യം ഡോ. വർമ്മയോട് ആവർത്തിച്ചു.
ആഷ്‌ലി മൂഡിയുടെ ചോദ്യത്തിന് ഉത്തരം നൽകാതിരുന്നത് അതിന്റെ ഉദ്ദേശ്യം മനസ്സിലാകാത്തതുകൊണ്ടാണെന്ന് ഡോ. വർമ്മ പിന്നീട് പറഞ്ഞു. വ്യത്യസ്ഥ ഐഡന്റിറ്റികളിലുള്ളവരെയും നിരവധി സ്ത്രീകളെയും താൻ പരിചരിക്കുന്നുണ്ടെന്നും അവർ വാദിച്ചു. തുടർന്നും ഹാവ്‌ലി അതേ ചോദ്യം തന്നെ ആവർത്തിച്ചു. ജൈവിക യാഥാർത്ഥ്യം സ്ഥാപിക്കുകയെന്നതാണ് ചോദ്യത്തിന്റെ ഉദ്ദേശ്യമെന്നും ഹാവ്‌ലി പറഞ്ഞു.
എന്നാൽ സ്ത്രീകളെ മാത്രമല്ല താൻ ശുശ്രൂഷിക്കുന്നതെന്ന ഉത്തരം ഡോ. വർമ്മയും ആവർത്തിച്ചു. എന്നാൽ ഹാവ്‌ലിക്ക് ആ ഉത്തരം മതിയായിരുന്നില്ല. പുരുഷന് ഗർഭംധരിക്കാൻ കഴിയുമോ എന്നത് സാങ്കല്പിക ചോദ്യമല്ലെന്നും കൃത്യമായ മറുപടി നൽകണമെന്നും ഹാവ്‌ലി നിർബന്ധം പിടിച്ചു.
സത്യത്തെ കുറിച്ചാണ് ഈ യെസ് ഓർ നോ ചോദ്യമെന്നും ഹിയറിംഗ് സംവിധാനത്തെ പരിഹസിക്കരുതെന്നും ഹാവ്‌ലി പറഞ്ഞു. ഇതോടെ വാദം രൂക്ഷമായി. വിഷയത്തിൽ പ്രാവീണ്യമുള്ള വ്യക്തി എന്ന നിലയ്ക്കാണ് നിഷ വർമ്മയെ ഹിയറിംഗിന് വിളിപ്പിച്ചതെന്നും ഒരു ഡോക്ടറായ വർമ്മയ്ക്ക് ഈ ചോദ്യത്തിന്റെ ശാസ്ത്രീയവശവും തെളിവുകളും അറിഞ്ഞിരിക്കണമെന്നും ഹാവ്‌ലി പറഞ്ഞു.
ഡോ. വർമ്മ അപ്പോഴും നേരിട്ടുള്ള ഒരു ഉത്തരം നൽകിയില്ല. ജൈവികമായി പുരുഷനും സ്ത്രീയും മാത്രമേയുള്ളൂവെന്നും സ്ത്രീക്ക് മാത്രമേ ഗർഭംധരിക്കാൻ കഴിയുകയുള്ളൂവെന്നും ഹാവ്‌ലി പറഞ്ഞു.
“ശാസ്ത്രത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും നമ്മൾ കേൾക്കുന്നത് അസാധാരണമാണെന്ന് ഞാൻ കരുതുന്നു. ഗർഭംധരിക്കുന്നത് പുരുഷന്മാരല്ല, സ്ത്രീകളാണ്. ജീവശാസ്ത്രപരമായി പുരുഷന്മാർ ഗർഭംധരിക്കുന്നില്ല എന്ന അടിസ്ഥാന യാഥാർത്ഥ്യം പോലും നിങ്ങൾ അംഗീകരിക്കുന്നില്ല,” ഹാവ്‌ലി ഡോക്ടറോടായി പറഞ്ഞു.
അജണ്ടകളോടെ മുന്നോട്ടു പോകുന്ന തീവ്രചിന്താഗതിക്കാരായ ഡെമോക്രാറ്റുകൾ ശാസ്ത്രീയ വസ്തുതകളെ മാത്രമല്ല, ആവശ്യാനുസരണം ഗർഭഛിദ്രത്തിന് യാതൊരു നിയന്ത്രണവുമില്ലെന്ന് ഉറപ്പാക്കാനുള്ള അവരുടെ ദൗത്യത്തിന്റെ അപകടകരമായ അനന്തരഫലങ്ങളെയും അവഗണിക്കുമെന്ന് ആഷ്‌ലി മൂഡി പിന്നീട് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
New Delhi,Delhi
പുരുഷന്മാര്‍ക്ക് ഗര്‍ഭംധരിക്കാന്‍ കഴിയുമോ ? കെമിക്കല്‍ അബോര്‍ഷന്‍ മരുന്നുകളുടെ അപകടങ്ങളെക്കുറിച്ച് യുഎസ് സെനറ്റര്‍

Comments are closed.