ബംഗ്ലാദേശില്‍ കാണാതായ ഹിന്ദു വിദ്യാര്‍ഥിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി | Bangladeshi Hindu student went missing found dead in river | ലോക വാർത്ത


Last Updated:

ബംഗ്ലാദേശില്‍ കഴിഞ്ഞ ഒന്നരമാസത്തിനിടെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഒന്നിലധികം ജില്ലകളിലായി നടന്ന അക്രമ സംഭവങ്ങളില്‍ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടു

അഭി
അഭി

ബംഗ്ലാദേശില്‍ കാണാതായ ഹിന്ദു വിദ്യാര്‍ഥിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നവഗാവ് ജില്ലയിലെ നദിയില്‍ നിന്നാണ് ശനിയാഴ്ച വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നവഗാവ് പട്ടണത്തിലെ കാലിതാല ശ്മശാനത്തിനടുത്തുകൂടി ഒഴുകുന്ന ഒരു നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദി ഡെയ്‌ലി അഗ്രജാത്ര പ്രതിദിന്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല.

നവഗാവിലെ ഒരു സര്‍ക്കാര്‍ കോളേജില്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥിയായ അഭിയാണ് മരിച്ചത്. ഓണേഴ്‌സ് കോഴ്‌സിന്റെ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അഭി.

ബൊഗുര ജില്ലയിലെ ആദംദിഗി ഉപാസിലയിലെ സാന്താഹാര്‍ സ്വദേശിയായ രമേശ് ചന്ദ്രയുടെ മകനാണ് അഭി. ജനുവരി 11ന് ഒരു തര്‍ക്കത്തിന് പിന്നാലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ അഭിയെ കാണാതാകുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയതായി സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ അഭിയുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി. അഭി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടമോ വ്യാജ ഏറ്റുമുട്ടലോ?

അഭിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വ്യക്തമല്ല. മരണം ആകസ്മികമാണോ അതോ വ്യാജ ഏറ്റുമുട്ടലാണോ എന്ന കാര്യത്തില്‍ കുടുംബാംഗങ്ങളും നാട്ടുകാരും സംശയം ഉന്നയിച്ചിട്ടുണ്ട്.

അഭിയെ കാണാതായതിന് ശേഷം കുടുംബാംഗങ്ങള്‍ ബന്ധുക്കളുടെ വീടുകളിലും മറ്റ് സാധ്യതയുള്ള സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും പോലീസില്‍ പരാതി നല്‍കിയെങ്കിലും അഭിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പിതാവ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായി നവഗാവ് സദര്‍ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാർജ് നിയാമുള്‍ ഇസ്ലാം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം കണ്ടെത്താന്‍ കഴിയൂവെന്ന് അദ്ദേഹം അറിയിച്ചതായി ദി ഡെയ്‌ലി അഗ്രജാത്ര പ്രതിദിന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദുക്കള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍

ബംഗ്ലാദേശില്‍ കഴിഞ്ഞ ഒന്നരമാസത്തിനിടെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഒന്നലധികം ജില്ലകളിലായി നടന്ന അക്രമ സംഭവങ്ങളില്‍ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടു. 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 21 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതേസമയം, നാല് കേസുകളില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ആള്‍ക്കൂട്ട ആക്രമണം പൊതുവിടത്തില്‍ ശിക്ഷ നല്‍കിയതുമുള്‍പ്പെടെ നിരവധി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് 18 വയസ്സുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷാന്റോ ചന്ദ്രദാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു.മോഷണക്കുറ്റം ആരോപിച്ച് മിഥുന്‍ സര്‍ക്കാര്‍ എന്നയാളെ ജനക്കൂട്ടം മര്‍ദിച്ചപ്പോള്‍ രക്ഷപ്പെട്ട് ഓടുന്നതിനിടെ കനാലില്‍ വീണ് മരിച്ചിരുന്നു.

പോലീസ് കസ്റ്റഡിയിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെട്രോള്‍ പമ്പില്‍ വെച്ച് റിപ്പണ്‍ ഷാഹ എന്നയാളെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തി. ഈ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. വെടിവെപ്പിലും കുത്തേറ്റും നിരവധി പേര്‍ കൊല്ലപ്പെട്ടു. പത്രപ്രവര്‍ത്തകനും വ്യവസായിയുമായ റാണാ പ്രതാപ് ബൈരാഗി എന്നയാള്‍ തലയില്‍ വെടിയേറ്റാണ് മരിച്ചത്. പലചരക്ക് വ്യാപാരിയായിരുന്ന ശരത് മണി ചക്രവര്‍ത്തിയും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്ന് വിളിച്ചിറക്കി ആഭരണ വ്യാപാരിയായ പ്രാന്റോസ് കര്‍മ്മകറിനെയും വെടിവെച്ച് കൊന്നു. ഫരീദ്പൂരില്‍ മത്സ്യ വ്യാപാരിയായ ഉത്പല്‍ സര്‍ക്കാരിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സ്വാതന്ത്ര്യസമര സേനാനി യോഗേഷ് ചന്ദ്ര റോയിയെയും ഭാര്യ സുബര്‍ണ റോയിയെയും അവരുടെ വീടിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൈമെന്‍സിംഗില്‍ ദീപു ചന്ദ്രദാസ് എന്നയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Comments are closed.