ലോകത്തിലെ ഒന്നാം നിര എഐ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ ; ദാവോസ് ഉച്ചകോടിയിൽ IMF മേധാവിക്ക് അശ്വിനി വൈഷ്ണവ് മറുപടി | Ashwini Vaishnaw says India ranks among top global AI power at Davos World Economic Forum | ലോക വാർത്ത


Last Updated:

സ്വതന്ത്ര ആഗോള അക്കാദമിക് റാങ്കിംഗുകൾ ഉദ്ധരിച്ചുള്ള ഐഎംഎഫിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തെയും മന്ത്രി ചോദ്യം ചെയ്തു

News18
News18

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ കൃത്രിമ ബുദ്ധിയുടെ മുന്നേറ്റത്തിൽ ആഗോളതലത്തിൽ ഒന്നാം നിരയിലുള്ള ശക്തികേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐയുടെ ആഗോള ഫലങ്ങളെ കുറിച്ചുള്ളതായിരുന്നു പാനൽ ചർച്ച. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലിന ജോർജിവയുടെ പരാമർശങ്ങൾക്ക് മറുപടി നൽകവെയാണ് അശ്വിനി വൈഷ്ണവ് ഇന്ത്യയുടെ എഐ മുന്നേറ്റത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്. ആഗോള എഐ രംഗത്ത് ഇന്ത്യ രണ്ടാം നിരയിലാണെന്ന വാദത്തെ അദ്ദേഹം ശക്തമായി നിരാകരിച്ചു. ഇക്കാര്യത്തിൽ ഐഎംഎഫ് നടത്തിയ വിലയിരുത്തലിനെ അദ്ദേഹം തള്ളി.

ലോകത്ത് ഇതിനോടകം തന്നെ എഐയുടെ മുന്നേറ്റം പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നും വളർന്നുവരുന്ന നിരവധി വിപണി സമ്പദ്‍വ്യവസ്ഥകൾ ഈ രംഗത്ത് മത്സരാധിഷ്ടിതമായ പ്രകടനം നടത്തുന്നുണ്ടെന്നും ജോർജിവ പറഞ്ഞു. സൗദി അറേബ്യയെ ഒരു ഉദാഹരണമായും അവർ ഉദ്ധരിച്ചു. വിവര സാങ്കേതികവിദ്യകളിലുള്ള ശക്തമായ സ്വാധീനം കാഴ്ചവയ്ക്കുന്ന ഇന്ത്യയും അത്തരം സമ്പദ്‍വ്യവസ്ഥകളിൽ ഒന്നാണെന്ന് ഐഎംഎഫ് മേധാവി കൂട്ടിച്ചേർത്തു.

എന്നാൽ, താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങൾ ഇപ്പോഴും എഐ മുന്നേറ്റത്തിൽ പിന്നിലാണെന്നും ജോർജിവ പറഞ്ഞു. ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‍വ്യവസ്ഥയാണെന്നും എഐ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നതായും ചർച്ചയിൽ മറ്റൊരു പാനലിസ്റ്റും ആവർത്തിച്ചു. എന്നാൽ, എഐ ഭാവി രൂപപ്പെടുത്തുന്നതിൽ അമേരിക്കയ്ക്കും ചൈനയ്ക്കും ഒപ്പം നിൽക്കേണ്ട രാജ്യങ്ങളുടെ രണ്ടാമത്തെ ഗ്രൂപ്പിലാണ് അദ്ദേഹം ഇന്ത്യയെ ഉൾപ്പെടുത്തിയത്.

ഈ വർഗ്ഗീകരണത്തെ അശ്വിനി വൈഷ്ണവ് തള്ളി. ഇന്ത്യയുടെ എഐ തന്ത്രം സമഗ്രമാണെന്നും മുഴുവൻ സാങ്കേതികവിദ്യയെയും ഉൾകൊള്ളുന്നതാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. എഐയിൽ ഇന്ത്യ വളരെ പുരോഗതി കൈവരിച്ചതായും രണ്ടാമത്തെ ഗ്രൂപ്പിലല്ല മുൻനിരയിലാണ് രാജ്യത്തിന്റെ സ്ഥാനമെന്നും മന്ത്രി വ്യക്തമാക്കി. എഐയുടെ എല്ലാ ഘട്ടത്തിലും ഇന്ത്യ മുന്നിട്ടുനിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വതന്ത്ര ആഗോള അക്കാദമിക് റാങ്കിംഗുകൾ ഉദ്ധരിച്ചുള്ള ഐഎംഎഫിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തെയും മന്ത്രി ചോദ്യം ചെയ്തു. എഐ വ്യാപനത്തിലും തയ്യാറെടുപ്പുകളിലും ഇന്ത്യ മൂന്നാം സ്ഥാനത്തും എഐ വൈദഗ്ദ്ധ്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തുമാണെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയുടെ എഐ സൂചിക വിലയിരുത്തലുകളെ ഉദ്ധരിച്ച് അശ്വിനി വൈഷ്ണവ് പറഞ്ഞു.

അതിനാൽ എഐ മുന്നേറ്റത്തിൽ ഇന്ത്യ രണ്ടാം നിരയിലാണെന്ന നിങ്ങളുടെ വാദം തെറ്റാണെന്നും ഇന്ത്യ മുൻനിരയിലാണെന്നും മന്ത്രി വ്യക്തമാക്കി. എന്റർപ്രൈസ് ലെവൽ ആവശ്യങ്ങളെ കുറിച്ചുള്ള ധാരണ പ്രയോജനപ്പെടുത്തികൊണ്ടും വിവിധ മേഖലകളിൽ ഉടനീളം അനുയോജ്യമായ എഐ ആപ്ലിക്കേഷനുകൾ വിന്യസിക്കുന്നതിലൂടെയും എഐ അധിഷ്ഠിത സേവനങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരാകാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഐ വ്യാപനത്തിന് മുൻഗണന നൽകുന്ന സമീപനമാണ് ഇന്ത്യയുടേതെന്നും മന്ത്രി പറഞ്ഞു. എഐ നേട്ടങ്ങൾ വ്യവസായങ്ങളിലുടനീളം വ്യാപിക്കുകയും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/World/

ലോകത്തിലെ ഒന്നാം നിര എഐ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ ; ദാവോസ് ഉച്ചകോടിയിൽ IMF മേധാവിക്ക് അശ്വിനി വൈഷ്ണവ് മറുപടി

Comments are closed.